”മാനനഷ്ടക്കേസുമായി നടക്കുകയല്ലാതെ മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്. മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താനായി നിങ്ങൾ ആയിരം പ്രാവശ്യം ശ്രമിച്ചാലും ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടു പോകില്ല. ആ ഉറപ്പ് ഞങ്ങൾക്കുണ്ട്” – ഗോവിന്ദൻ പറഞ്ഞു.
സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിപിഎമ്മിന് ഒന്നും ഭയക്കാനില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ”ഞങ്ങൾക്കിതിൽ ഒരു പ്രശ്നവുമില്ല. ഒരു ചുക്കും ഇതിലില്ല. കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വപ്ന ഉൾപ്പെടെയുള്ള സ്വർണക്കടത്തുകാർക്കെതിരെ എടുത്ത കേസിൽ ഞങ്ങൾക്കെന്താണ് പ്രശ്നം? ഞങ്ങൾ അതിൽ എന്തിന് ഇടപെടണം? കേന്ദ്ര സർക്കാരിന്റെയല്ലേ കേസ്? ഇഡിയല്ലേ കേസെടുത്തത്? അതിൽ ഞങ്ങൾക്കെന്ത് ഭയപ്പെടാൻ. മടിയിൽ കനമുണ്ടെങ്കിലേ വഴിയിൽ ഭയപ്പെടേണ്ടതുള്ളൂവെന്ന് പിണറായി ആദ്യമേ പറഞ്ഞിട്ടുണ്ട്. അത് വെറുതെ പറഞ്ഞതൊന്നുമല്ല. ശരി തന്നെയാണ്” – എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
advertisement
സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ നിയമനടപടിക്ക് കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക് തുടങ്ങിയവർക്കെല്ലാം പാർട്ടി അനുമതി നൽകിയിട്ടുണ്ടെന്നും ഗോവിന്ദൻ അറിയിച്ചു. അതേസമയം, കണ്ണൂരിലെ റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട ഇ പി ജയരാജന്റെ വെളിപ്പെടുത്തലിനോടു പ്രതികരിക്കാൻ ഗോവിന്ദൻ വിസമ്മതിച്ചു. പാർട്ടിക്കുള്ളിൽ നടക്കുന്ന ചർച്ചകളിൽ ആവശ്യമുള്ള കാര്യങ്ങൾ വാർത്താ സമ്മേളനം നടത്തി അറിയിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

