1996ൽ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ താമസകാലത്ത് പി ബിജുവിനെ ആദ്യമായി കണ്ടുമുട്ടിയ ഓർമകൾ മുതൽ അവസാനമായി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് വരെയുള്ള ഓർമകളാണ് തന്റെ കുറിപ്പിൽ ഡോ. ബിജു പങ്കുവയ്ക്കുന്നത്.
You may also like:'ഈ കളിയൊന്നും കേരളത്തോടു വേണ്ട; ചെലവാകില്ല; പറയുന്നത് ബിജെപിയോടാണ് ': ധനമന്ത്രി തോമസ് ഐസക്ക് [NEWS]Silambarasan Simbu video | പാമ്പിനെ പിടിച്ച് തമിഴ് നടൻ ചിമ്പു; വീഡിയോ വൈറൽ, പിന്നാലെ വിവാദം [NEWS] 'എന്നെയും അച്ഛനെയും അപകീർത്തിപ്പെടുത്തുന്നു'; നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ആലുവ പൊലീസ് കേസെടുത്തു [NEWS]
advertisement
ഡോ. ബിജു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്,
'സഖാവ് പി. ബിജുവിനെ കാണുന്നത് 1996ൽ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ താമസ കാലത്താണ്. ഞങ്ങളുടെ കോളജുകൾ തിരുവനന്തപുരത്തെ നഗരത്തിന്റെ രണ്ടിടങ്ങളിൽ ആയതിനാൽ എസ് എഫ് ഐ ഏരിയ കമ്മിറ്റികൾ രണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ എസ് എഫ് ഐയുടെ മുഴുവൻ പ്രവർത്തനങ്ങളുടെയും ചുക്കാൻ പിടിച്ചിരുന്നത് ബിജു ആയിരുന്നു. ഹോസ്റ്റൽ വിട്ടതിന് ശേഷം പിന്നീട് മിക്കപ്പോഴും ബിജുവിനെ കണ്ടിരുന്നത് ഐ എഫ് എഫ് കെ വേദിയിൽ ആയിരുന്നു. ബിജു സജീവ രാഷ്ട്രീയത്തിൽ പ്രധാന ചുമതലകളിൽ പ്രവർത്തിക്കുമ്പോഴും ഐ എഫ് എഫ് കെയിൽ സിനിമ കാണാൻ സ്ഥിരമായി എത്തുമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഈ സമയം. ഓറഞ്ചു മരങ്ങളുടെ വീട് സിനിമയുടെ ചിത്രീകരണത്തിനായി ഒരു ഡി ജി പി ഓഫീസ് സെറ്റ് ചെയ്യേണ്ടതുണ്ടായിരുന്നു. സുഹൃത്തും നടനുമായ കൃഷ്ണൻ ബാലകൃഷ്ണൻ ആണ് പറഞ്ഞത് യുവജനക്ഷേമ ബോർഡിൽ വൈസ് ചെയർമാനായ ബിജുവിന്റെ ഔദ്യോഗികമുറി പറ്റും എന്ന്. ബിജുവിനെ നേരിൽ കണ്ടു അനുമതി വാങ്ങാനും പെർമിഷന് വേണ്ടിയുള്ള കത്ത് നൽകി ഫീസ് അടയ്ക്കാനുമായി ബിജുവിന്റെ ഓഫീസിൽ പോയതാണ്. ഒട്ടേറെ നേരം അന്ന് സംസാരിച്ചിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തിലെ യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ ജീവിതം. അന്നത്തെ ഹോസ്റ്റൽ അന്തേവാസികളിൽ ചിലരെക്കുറിച്ചുള്ള ചർച്ച. പിന്നീട് വിവിധ ഇടങ്ങളിൽ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ അവരെ കണ്ട ഓർമ.
അങ്ങിനെ ഏതാണ്ട് രണ്ടു മണിക്കൂർ. ഷൂട്ട് നടക്കുന്ന ദിവസം എന്തായാലും ഉണ്ടാകും എന്ന് പറഞ്ഞാണ് യാത്രയാക്കിയത്. പക്ഷേ ഷൂട്ടിന്റെ ദിവസം പാർട്ടി കമ്മിറ്റി ഉണ്ടായിരുന്നതിനാൽ ബിജുവിന് വരാൻ സാധിച്ചില്ല. പക്ഷേ ഓഫീസിൽ പ്രത്യേകം പറഞ്ഞേൽപ്പിച്ചിരുന്നു എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കണം എന്ന്. പാർട്ടി കമ്മിറ്റിക്ക് ശേഷം രാത്രി ബിജു വിളിച്ചിരുന്നു. ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ലല്ലോ ഷൂട്ട് ഭംഗിയായി നടന്നോ എന്നൊക്കെ അന്വേഷിക്കാൻ. ഒരു മാസം കഴിഞ്ഞു ഡിസംബറിൽ കേരളം ചലച്ചിത്ര മേളയിൽ വെയില്മരങ്ങൾ കാണാനും ബിജു എത്തിയിരുന്നു.
സ്ക്രീനിങ്ങിനു ശേഷമുള്ള തിരക്കിൽ ഏറെ നേരം കാര്യം പറയാൻ സാധിച്ചില്ല. അതായിരുന്നു അവസാന കൂടിക്കാഴ്ച. ബിജു ഇല്ല എന്നത് ഒട്ടും വിശ്വസിക്കാൻ സാധിക്കുന്നില്ല. രാഷ്ട്രീയപ്രവർത്തനം സൗമ്യമായ അന്തസ്സത്തയോടെ മാന്യമായി പ്രതിപക്ഷ ബഹുമാനത്തോടെ മാത്രം നടത്തിയിരുന്ന അപൂർവം യുവനേതാക്കളിൽ ഒരാളായിരുന്നു പി ബിജു. ബിജുവിന്റെ നഷ്ടം ഇടതുപക്ഷ രാഷ്ട്രീയത്തിന് മാത്രമല്ല പൊതുവായ രാഷ്ട്രീയ സംസ്കാരത്തിന് തന്നെ ഒരു വലിയ നഷ്ടം ആണ്. ആദരാഞ്ജലികൾ സഖാവേ.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു പി. ബിജുവിന്റെ മരണം. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒക്ടോബർ 20നാണ് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ 9 ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ മരണത്തിലേക്ക് നയിക്കുകയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിരുന്നു. തുടർന്ന് ഡയാലിസിസിനും വിധേയമാക്കിയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.