Silambarasan Simbu video | പാമ്പിനെ പിടിച്ച് തമിഴ് നടൻ ചിമ്പു; വീഡിയോ വൈറൽ, പിന്നാലെ വിവാദം
Silambarasan Simbu video | പാമ്പിനെ പിടിച്ച് തമിഴ് നടൻ ചിമ്പു; വീഡിയോ വൈറൽ, പിന്നാലെ വിവാദം
വീഡിയോയിൽ കാണപ്പെടുന്ന പാമ്പ് യഥാർത്ഥത്തിലുള്ള പാമ്പിനെ പോലെയുണ്ടെന്നും ഇതിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടാകാമെന്നും മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരതയ്ക്ക് തുല്യമാണ് ഇതെന്നും പരാതിക്കാരൻ പറയുന്നു.
ചെന്നൈ: പ്രശസ്ത തമിഴ് നടൻചിമ്പു വിവാദത്തിൽ. നടൻ പാമ്പിനെ പിടിക്കുന്ന വീഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വിവാദം ഉണ്ടായത്. ചിമ്പുവിന്റെ വരാനിരിക്കുന്ന ചിത്രം 'ഈശ്വരൻ' ആണ് വിവാദത്തിൽ ആയിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഈശ്വരൻ സിനിമയ്ക്കു വേണ്ടിയുള്ള ലുക്കിൽ ലുങ്കി ഉടുത്താണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വീഡിയോയിൽ താരത്തിനൊപ്പം മറ്റു രണ്ടുപേരെ കൂടി കാണാം. ഏതായാലും പാമ്പിനെ പിടിക്കുന്ന വീഡിയോ വൻ വിവാദമായിരിക്കുകയാണ്. സിനിമകളിൽ പാമ്പുകളെ ഉപയോഗിക്കാൻ പാടില്ല. അതേസമയം, ഇത്തരത്തിൽ പാമ്പിനെ സിനിമയ്ക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമായിരിക്കും അത്.
മെലിഞ്ഞ തന്റെ പുതിയ രൂപത്തിലാണ് ചിമ്പു വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ചിമ്പുവിനൊപ്പം രണ്ടുപേരെ കൂടി വീഡിയോയിൽ കാണാം. മരത്തിൽ കിടക്കുന്ന പാമ്പിനെ പതിയെ ചെന്ന് പിടികൂടുന്ന ചിമ്പു മറ്റ് രണ്ടു പേരുടെ സഹായത്തോടെ പാമ്പിനെ ഒരു ബാഗിനുള്ളിലാക്കുകയാണ്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം പരാതി നൽകിക്കഴിഞ്ഞു. ചെന്നൈ ആസ്ഥാനമായുള്ള മൃഗസംരക്ഷണ പ്രവർത്തകനും പെർഫോമിംഗ് ആനിമൽ സബ് കമ്മിറ്റിയിലെ മുൻ അംഗവുമായ വ്യക്തിയാണ് വനംവകുപ്പിന് ഔദ്യോഗികമായി പരാതി നൽകിയത്. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയും (എഡബ്ല്യുബിഐ) പരാതി നൽകിയിട്ടുണ്ട്.
വീഡിയോയിൽ കാണപ്പെടുന്ന പാമ്പ് യഥാർത്ഥത്തിലുള്ള പാമ്പിനെ പോലെയുണ്ടെന്നും ഇതിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടാകാമെന്നും മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരതയ്ക്ക് തുല്യമാണ് ഇതെന്നും പരാതിക്കാരൻ പറയുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും ചെന്നൈ ഫോറസ്റ്റ് റേഞ്ചർ ക്ലമന്റ് എഡിസൺ സ്ഥിരീകരിച്ചതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വീഡിയോയിലെ ആധികാരികത ആദ്യം കണ്ടെത്തേണ്ടതുണ്ടെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സി എച്ച് പദ്മ പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.