കൊച്ചി: തന്നെയും അച്ഛനെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം വച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകുകയും വ്യാജ പ്രചാരണം നടത്തുകയും ചെയ്തു എന്ന പരാതിയുമായി നടൻ ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. '2020 ജൂലൈ, ഓഗസ്റ്റ് മാസം മുതൽ മീനാക്ഷി ‘അമ്മ മഞ്ജുവിന്റെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ നില്ക്കാൻ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസിലാവുന്നത്' എന്നിങ്ങനെയായിരുന്നു വ്യാജ പ്രചാരണം എന്ന് മീനാക്ഷി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മീനാക്ഷിയുടെ പരാതിക്ക് പിന്നാലെ കഴിഞ്ഞ മാസം 28നു ആലുവ പൊലീസ് മൊഴിയെടുത്തു. നേരിട്ട് കേസ് എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ അനുവാദം തേടി കോടതിയെ സമീപിച്ചു. തുടർന്ന് കേസ് എടുത്ത് അന്വേഷണം നടത്താൻ കോടതി ആലുവ ഈസ്റ്റ് പൊലീസിന് നിർദേശം നൽകി. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
നടിയെ ആക്രമിച്ച കേസിന്റെ വിസ്താരവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം. കോടതി മാറണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ് മകൾ മീനാക്ഷിയെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് വിസ്താര വേളയിൽ മഞ്ജു വാര്യർ ആരോപിച്ചിരുന്നു. എന്നാൽ, ഇത് രേഖപ്പെടുത്താൻ കോടതി തയ്യാറായില്ലെന്ന് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ അറിയിച്ചു. മൊഴി കൊടുക്കുന്നതിന് മൂന്നു ദിവസം മുമ്പ് മകള്‍ ഫോണില്‍ വിളിച്ച് ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജുവിന്‍റെ മൊഴി. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണ കോടതിക്ക് വീഴ്ച പറ്റിയെന്ന് സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു.