കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ രാവിലെ പതിനൊന്നു മണിയോടെയാണ് സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ ഇ ഡി യുടെ കൊച്ചി ഓഫീസിൽ ഹാജരായത്. ചോദ്യം ചെയ്യലിന്റെ തുടക്കം മുതൽ വിറയൽ അനുഭവപ്പെടുന്നുവെന്നാണ് എം കെ കണ്ണൻ മറുപടി നൽകിയതെന്നാണ് ഇ ഡി പറയുന്നത്.
advertisement
ചോദ്യം ചെയ്യലിന് സഹകരിക്കാതെ വന്നതോടുകൂടിയാണ് മറ്റ് മാർഗ്ഗങ്ങളില്ലാതെ മൂന്ന് മണിയോടെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് കണ്ണനെ ഇ ഡി വീട്ടയച്ചത്. കേസിലെ മുഖ്യപ്രതിയായ പി സതീഷ് കുമാർ തൃശ്ശൂർ സഹകരണ ബാങ്കിൽ നടത്തിയ ഇടപാടുകളെ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്നാണ് ഇ ഡി പറയുന്നത്. മറ്റൊരു ദിവസം ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും ഇ ഡി അറിയിച്ചു.
Also Read- ‘പിന്നെ നീയൊന്നും ഇവിടെ ജീവിക്കില്ല’; MVD ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പരാമര്‍ശങ്ങളുമായി എം എം മണി
എന്നാൽ തനിക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടില്ലെന്നും ഇ ഡിയുടെ ഒരു ഔദാര്യവും ഉണ്ടായിട്ടില്ലെന്നുമായിരുന്നു ചോദ്യം ചെയ്യലിന് ശേഷം എം കെ കണ്ണന്റെ പ്രതികരണം. ഇ ഡി വീണ്ടും വിളിപ്പിച്ചാൽ ഹാജരാകുമെന്നും എം കെ കണ്ണൻ പറഞ്ഞു.
അതിനിടെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കേസിലെ ഒന്നാംപ്രതിയായ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് റിട്ട. എസ് പി കെ എം ആന്റണിയെയും മുൻ ഡിവൈഎസ്പി ഫേമസ് വർഗീസിനെയും ചോദ്യം ചെയ്യുന്നത്. കരുവന്നൂർ ബാങ്കിൽ നിന്ന് 18.5 കോടി തട്ടിയെടുത്തുവെന്ന് ഇ ഡി പറയുന്ന തൃശ്ശൂർ സ്വദേശി അനിൽകുമാറിന്റെ ചോദ്യം ചെയ്യലും തുടരുകയാണ്.