മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് മാത്രമല്ല. അദ്ദേഹം എല്ലാര്‍ക്കും തണലായിരുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അത്തരത്തില്‍ ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഉച്ചയോടെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗ വാര്‍ത്ത എത്തുന്നത്. അസുഖ ബാധിതനായി അങ്കമാലിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പാണക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നാളെ രാവിലെ 9 മണിക്കാണ് ഖബറടക്കം.
advertisement
മുസ്ലിംലീഗ് ഉന്നതാധികാര സമതി അംഗം, രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട്, തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു.
പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദത്ത് ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15 നാണ് ഹൈദരലി തങ്ങള്‍ ജനിച്ചത്. പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം.
പിന്നീട് കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ വെച്ച് 1959 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുന്നാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി. പിന്നീട് പൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബി കോളജിലും അല്‍പകാലം പഠിച്ചു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളേജില്‍ ചേര്‍ന്ന തങ്ങള്‍ 1974 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കി. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ കൈകളില്‍ നിന്നായിരുന്നു സനദ് ഏറ്റുവാങ്ങി.
മര്‍ഹൂം ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കെ.സി ജമാലുദ്ധീന്‍ മുസ്ലിയാര്‍, തുടങ്ങിയ പ്രമുഖരാണ് ജാമിഅയിലെ ഉസ്താദുമാര്‍. 1973 ല്‍ സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചപ്പോള്‍ തങ്ങളായിരുന്നു പ്രഥമ പ്രസിഡന്റ്. തന്റെ സഹപാഠിയും ഇപ്പോള്‍ ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്സിറ്റി വി.സി.യുമായ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ജനറല്‍ സെക്രട്ടറിയുമായിരുന്നു.
