അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നതാണ് പാര്‍ട്ടി നിലപാടെന്നായിരുന്നു നേരത്തെ ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം. കുഞ്ഞിനെ വീണ്ടെടുക്കാനുള്ള അമ്മയുടെ ശ്രമങ്ങള്‍ക്ക് പാര്‍ട്ടി പിന്തുണ നല്‍കും. ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അനുപമയുടെ പരാതിയില്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും CWC ജില്ലാ അധ്യക്ഷ അഡ്വ. പി സുനന്ദ ന്യൂസ് 18നോട് പറഞ്ഞു. കുട്ടിയെ ദത്തെടുത്തെങ്കില്‍ കോടതി വഴി മാത്രമേ ഇനി തിരികെ കിട്ടാന്‍ സാധ്യതയുള്ളൂവെന്നും സുനന്ദ ചൂണ്ടിക്കാട്ടി.
advertisement
അനുപമയുടെ പരാതിയിൽ പിതാവും സി പി എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗവുമായ പി എസ് ജയചന്ദ്രന്, മാതാവ് സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് പൊലീസ് എഫ് ഐ ആര് രജിസ്റ്റർ ചെയ്തത്.
ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്റും ദളിത് ക്രിസ്ത്യനുമായ അജിത്തുമായുള്ള മകൾ അനുപമയുടെ ബന്ധത്തെ മാതാപിതാക്കൾ എതിർത്തു. എന്നാൽ, ഈ ബന്ധത്തിൽ കഴിഞ്ഞ വർഷം ഒക്ടോബര്‍ 19ന് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്കി. ശേഷം, സഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരിച്ചേല്പിക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും കുട്ടിയെ കൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി.
പിന്നീട് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ദുരഭിമാനത്തെ തുടര്‍ന്നാണ് രക്ഷാകർത്താക്കള് കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം. എന്നാൽ, അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ ശിശുക്ഷേമസമിതിയില്‍ ഏല്പിച്ചതെന്നായിരുന്നു ജയചന്ദ്രന്റെ പ്രതികരണം.
ഏപ്രില്‍ 19നാണ് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. പക്ഷേ, കേസെടുക്കാൻ പൊലീസ് തയാറായില്ല. അനുപമയുടെ പരാതി സ്വീകരിക്കാനാകില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
