നവജാത ശിശുവിനെ അമ്മയിൽ നിന്ന് വേർപിരിച്ച സംഭവം: മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു
- Published by:Rajesh V
- news18-malayalam
Last Updated:
ദുരഭിമാനത്തെ തുടര്‍ന്നാണ് രക്ഷാകർത്താക്കള് കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം.
തിരുവനന്തപുരം: തങ്ങളുടെ സമ്മതമില്ലാതെ സ്വന്തമായി ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത മകളുടെ ആൺകുഞ്ഞിനെ ഒളിപ്പിച്ചതിന് ദമ്പതികൾക്കെതിരെ ഒടുവിൽ പൊലീസ് കേസെടുത്തു. മുൻ എസ് എഫ് ഐ നേതാവ് (Former SFI Leader) അനുപമയുടെ (Anupama) പരാതിയിലാണ് പിതാവും സി പി എം (CPM) പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗവുമായ പി എസ് ജയചന്ദ്രന്, മാതാവും സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസ് എന്നിവർക്കെതിരെ കേസെടുത്തത്. അനുപമയുടെ സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് അരുൺ, ജയചന്ദ്രന്റെ സുഹൃത്തുക്കളും സിപിഎം പ്രാദേശിക നേതാക്കളുമായ രമേശൻ, അനിൽകുമാർ എന്നിവർക്കെതിരെയും പേരൂർക്കട പൊലീസ് കേസെടുത്തിട്ടുണ്ട്. അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് പൊലീസ് എഫ് ഐ ആര് രജിസ്റ്റർ ചെയ്തത്.
ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്റും ദളിത് ക്രിസ്ത്യനുമായ അജിത്തുമായുള്ള മകൾ അനുപമയുടെ ബന്ധത്തെ മാതാപിതാക്കൾ എതിർത്തു. എന്നാൽ, ഈ ബന്ധത്തിൽ കഴിഞ്ഞ വർഷം ഒക്ടോബര്‍ 19ന് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്കി. ശേഷം, സഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരിച്ചേല്പിക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും കുട്ടിയെ കൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി. പിന്നീട് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ദുരഭിമാനത്തെ തുടര്‍ന്നാണ് രക്ഷാകർത്താക്കള് കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് അനുപമയുടെ ആരോപണം. എന്നാൽ, അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ ശിശുക്ഷേമസമിതിയില്‍ ഏല്പിച്ചതെന്നാണ് ജയചന്ദ്രൻ പറയുന്നത്.
advertisement
Also Read- Murder| കിടപ്പുരോഗിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നത് ദുരവസ്ഥ കണ്ട് മനംനൊന്തെന്ന് ഭാര്യ
വിവാഹിതനായിരുന്ന അജിത് കഴിഞ്ഞ ജനുവരിയിൽ വിവാഹ മോചിതനായി. കഴിഞ്ഞ മാർച്ച് മുതൽ അജിതും അനുപമയും ഒരുമിച്ചാണ് ജീവിക്കുന്നത്. ഏപ്രില്‍ 19നാണ് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. പക്ഷേ, കേസെടുക്കാൻ പൊലീസ് തയാറായില്ല. അനുപമയുടെ പരാതി സ്വീകരിക്കാനാകില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
advertisement
തന്‍റെ കുഞ്ഞിനെ തിരിച്ചു കിട്ടാൻ നേരത്തെ സിപിഎം നേതാക്കളെ കണ്ട് പരാതി പറഞ്ഞിരുന്നെങ്കിലും അവരാരും സഹായിക്കാൻ തയാറായില്ലെന്ന് അനുപമ ആരോപിക്കുന്നു. പാർട്ടിയിൽ നിന്ന് സഹായമൊന്നും ലഭിക്കാതായതോടെ ഡിജിപിക്കടക്കം പരാതി നൽകിയിരുന്നു. എന്നാൽ, അതിലും നടപടി ഉണ്ടായില്ല. സംഭവം മാധ്യമങ്ങളിൽ വാർത്തയായ ശേഷമാണ് പൊലീസ് കേസെടുക്കാൻ തയാറായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 20, 2021 8:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവജാത ശിശുവിനെ അമ്മയിൽ നിന്ന് വേർപിരിച്ച സംഭവം: മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു










