ഇ.ഡിയ്ക്ക് പിന്നാലെയാണ് കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റു ചെയ്യുന്നത്. ജാമ്യാപേക്ഷ അടുത്ത മാസം രണ്ടിന് പരിഗണിക്കാനിരിക്കെയാണ് ശിവശങ്കറിൻ്റെ അറസ്റ്റ്. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് ബന്ധമില്ലെന്ന മുൻ നിലപാട് തിരുത്തിക്കൊണ്ട് കസ്റ്റംസ് കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകി. ഈ മാസം 16 ന് ശിവശങ്കറിനെയും 18 ന് സ്വപ്നയെയും ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണ്ണക്കടത്തിൽ ശിവശങ്കറിനെതിരെ നിർണ്ണായക തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് കോടതിയെ അറിയിച്ചത്.
advertisement
Also Read- എസ്എസ്എൽസി രണ്ടാം റാങ്ക്; ശിവശങ്കര്‍ ഐ എ എസ് എങ്ങനെയാണ് കേരളത്തിലെ ഒന്നാം നമ്പര്‍ ഉദ്യോഗസ്ഥനായത്?
നേരത്തെ ശിവശങ്കറിൻ്റെ പങ്കാളിത്തം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതും കസ്റ്റംസ് സൂചിപ്പിച്ചിട്ടുണ്ട്. അടുത്ത മാസം 2 ന് ശിവശങ്കറിൻ്റെ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുമ്പോൾ , സുപ്രീം കോടതി അഭിഭാഷകൻ ശിവശങ്കറിന് വേണ്ടി ഹാജരാകും. ഇപ്പോൾ തന്നെ ബി.രാമൻപിള്ള, വിജയഭാനു , എസ്.രാജീവ് തുടങ്ങിയ പ്രഗത്ഭരായ അഭിഭാഷകരാണ് എം.ശിവശങ്കറിന് വേണ്ടി ഹാജരാകുന്നത്. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനെ എത്തിക്കുന്നത്. ശിവശങ്കറിന് ജാമ്യം ലഭിക്കുന്നതിന് മുൻപ് കസ്റ്റഡിയിൽ എടുക്കാനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസിലെ സൂത്രധാരൻ ശിവശങ്കറാണെന്ന ഇ.ഡിയുടെ നിഗമനത്തിലേക്ക് കസ്റ്റംസും എത്തുകയാണ്. സ്വർണ്ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് എല്ലാം അറിയാമായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം.
ഇതിലേക്ക് അന്വേഷണ ഏജൻസികളെ നയിച്ച കാര്യങ്ങൾ ഇവയാണ്. സ്വപ്നയെ മാത്രമല്ല, സരിത്, സന്ദീപ് തുടങ്ങിയ എല്ലാ പ്രതികളുമായും ശിവശങ്കറിന് അടുത്ത ബന്ധമുണ്ട്. ഇവരുമായി പല പ്രാവശ്യം സംസാരിക്കുകയും കൂടിക്കാണുകയും വാട്സ് ആപ് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് കസ്റ്റംസിനെ ശിവശങ്കർ നേരിട്ട് വിളിച്ചു. ഒരിക്കൽ സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറെയും വിളിച്ചു. നയതന്ത്ര ബാഗേജിനുള്ളിൽ ആഹാര സാധനങ്ങളാണെന്നാണ് പലപ്പോഴും പ്രതികൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നത്. നയതന്ത്ര ബാഗേജ് വഴി ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വപ്ന കടത്തിയതായും കസ്റ്റംസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
സ്വന്തം ചാർട്ടേർഡ് അക്കൗണ്ടിനെ സ്വപ്നയ്ക്ക് ശിവശങ്കർ പരിചയപ്പെടുത്തി നൽകിയതും സംയുക്ക ബാങ്ക് ലോക്കർ തുറക്കാൻ നിർദ്ദേശം നൽകിയതും സംശയത്തിന് ആക്കം കൂട്ടുന്നു. ഈ ലോക്കർ നീയന്ത്രിച്ചിരുന്നത് ശിവശങ്കർ ആയിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.