കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടെന്ന് അറസ്റ്റ് ഓർഡർ. സ്വർണം അടങ്ങിയ ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടുവെന്ന് ശിവശങ്കർ തന്നെ എൻഫോഴ്സ്മെന്റിന് മൊഴി നൽകിയതായി ഓർഡറിൽ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയായിരിക്കെ സ്വപ്നയുടെ ആവശ്യപ്രകാരം മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് സ്വർണം അടങ്ങിയ ബാഗ് വിട്ടുകിട്ടാൻ ആവശ്യപ്പെട്ടുവെന്നാണ് മൊഴി. ഒക്ടോബർ പതിനഞ്ചിനാണ് ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തിയത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ഓർഡറിൽ നിർണായക വിവരങ്ങളാണുള്ളത്. അഞ്ച് പേജുള്ള അറസ്റ്റ് ഓർഡറിൽ 19 പോയിന്റുകളാണ് ഉള്ളത്. സ്വർണം കടത്തിയ നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ശിവശങ്കർ ഇടപെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വപ്‌ന സുരേഷിന്റെ ആവശ്യ പ്രകാരമാണ് ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചത്. സ്വപ്‌നയുടെ കുറ്റകൃത്യങ്ങളെ കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. സ്വപ്ന സുരേഷ് ഏർപ്പെട്ട കുറ്റകൃത്യത്തിൽ ശിവശങ്കറിന്റെ പങ്കിനുള്ള തെളിവാണിതെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. സർക്കാർ അധികാര പദവി ദുരുപയോഗം ചെയ്തതിന്റെ പരിധിയിൽ വരുമിത്. അധികാരം ഉപയോഗിച്ച് മറ്റ് ഡിപ്ലോമാറ്റിക് കാർഗോകളും വിട്ടുകിട്ടാൻ വിളിച്ചിട്ടുണ്ടെന്നാണ് വാട്സാപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാകുന്നതെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. അതേസമയം, ശിവശങ്കർ ഏത് കസ്റ്റംസ് ഓഫീസറെയാണ് വിളിച്ചതെന്ന് അറസ്റ്റ് ഓർഡറിൽ പറയുന്നില്ല. ഏത് നമ്പറിൽ നിന്നാണ് വിളിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമല്ല.
സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നുവെന്ന് ജൂലൈ ആറിന് തന്നെ ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ സ്വപ്ന ആവശ്യപ്പെട്ടിട്ടും സ്വര്‍ണം വിട്ടുനൽകാൻ കസ്റ്റംസ് അധികൃതരെ വിളിക്കാൻ തയാറായില്ലെന്നാണ് ശിവങ്കർ ആദ്യം മൊഴി നൽകിയത്. ഇതു ഉയർത്തിക്കാട്ടിയാണ് സുരേന്ദ്രന്റെ ആരോപണത്തെയും അതു റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെയും സർക്കാർ പ്രതിരോധിച്ചത്. എന്നാൽ അന്വേഷണ ഏജൻസികൾ ഡിജിറ്റൽ തെളിവുകൾ നിരത്തിയതോടെ, ഈ മാസം 15ന് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ താൻ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതായി ശിവശങ്കറിന് സമ്മതിക്കേണ്ടിവന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ശിവശങ്കര്‍ അറസ്റ്റിലായിട്ടുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇ.ഡി അറസ്റ്റിലേക്ക് നീങ്ങിയത്. 30 ലക്ഷം ഒളിപ്പിക്കാന്‍ സ്വപ്‌ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയാണ് ശിവശങ്കറിനെതിരെ നിര്‍ണായകമായത്. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
Also Read- 'ശിവശങ്കറിന്‍റെ അറസ്റ്റ് കേസിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കിന് തെളിവ്'
ശിവശങ്കറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ രാവിലെ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലൊണ് ഇ.ഡി അധികൃതര്‍ തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയിലെത്തി അദ്ദേഹത്തെ ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് ഏഴ് മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ഇഡിയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാര്‍ ചെന്നൈയില്‍നിന്ന് കൊച്ചിയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala gold, Kerala Gold Smuggling, M sivasankar, M sivasankar arrest, Sivasankar, Sivasankar arrest