വിയൂർ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇരുവരെയും ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വപ്ന സുരേഷിന് നെഞ്ചുവേദനയും റമീസിന് വയറുവേദനയുമായിരുന്നു. മാനസിക സംഘർഷത്തെ തുടർന്നുണ്ടായ അസ്വസ്ഥതകളാണ് സ്വപ്നക്കെന്ന് സംഘം വിലയിരുത്തി.
സ്വപ്നയ്ക്ക് ഇക്കോ ടെസ്റ്റും നടത്തിയിരുന്നു. എന്നാൽ ഇന്ന് സ്വപ്നയെ ഡിസ്ചാർജ് ചെയ്യേണ്ട എന്നാണ് ഡോക്ടർമാർ മെഡിക്കൽ ബോർഡിനെ അറിയിച്ചിരിക്കുന്നത്. നെഞ്ചുവേദനയെ തുടർന്ന് രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്.
advertisement
നേരത്തെ ആറു ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ച സ്വപ്‌ന ആശുപത്രി വിട്ടിരുന്നു. ചികിത്സയിൽ തുടരാൻ മതിയായ ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സ്വപ്നയെ വിയ്യൂർ വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്നയ്ക്ക് വീണ്ടും ഛർദിയും നെഞ്ചുവേദനയും അനുഭവപ്പെട്ടത്.
കെ.ടി. റമീസിനെയും ഇന്ന് ഡിസ്ച്ചർജ് ചെയ്യുകയില്ല. റമീസിന് നാളെ എൻഡോോസ് കോപ്പി പരിശോധന നടത്തും. അതേസമയം സ്വപ്ന ആശുപത്രി ജീവനക്കാരുടെ ഫോണിലൂടെ ഉന്നതരുമായി ബന്ധപ്പെട്ടു എന്ന ആരോപണത്തിൽ മെഡിക്കൽ കോളേജ് വകുപ്പുതല അന്വേഷണം നടത്തും. ഇരുവർക്കും ഒരേസമയം ചികിത്സ നൽകിയ സംഭവത്തില്‍ ജയിൽ മേധാവിയും റിപ്പോർട്ട് തേടി.