സെപ്തംബർ16 ന്റെ മന്ത്രിസഭാ യോഗത്തിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി ചില നിർദേശങ്ങൾ അംഗീകരിച്ചിരുന്നു. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത കൂടി പങ്കെടുത്ത ക്യാബിനറ്റ് യോഗത്തിലായിരുന്നു ഈ സുപ്രധാന തീരുമാനങ്ങൾ എടുത്തത്. സി.ഡി.എസ് ഡയറക്ടർ സുനിൽ മാണി അധ്യക്ഷനായ കമ്മറ്റി നൽകിയ റിപ്പോർട്ട് പരിഗണിച്ചും, മുൻ ചീഫ് സെക്രട്ടറി കെ.എം ഏബ്രഹാം അധ്യക്ഷനായ കമ്മറ്റിയുടെ ശുപാർശയും പരിഗണിച്ചായിരുന്നു 25 ഇന ചെലവ് ചുരുക്കൽ നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചത്.
advertisement
അതിൽ പതിനാറാമത്തെ തീരുമാനമായി അംഗീകരിച്ചത് ഇങ്ങനെ. ഒരു വർഷക്കാലത്തേക്ക് സർക്കാർ കെട്ടിടം മോടി പിടിപ്പിക്കൽ, സർക്കാർ ഓഫീസുകളിൽ ഫർണിച്ചർ വാങ്ങൽ, പുതിയ വാഹനങ്ങൾ എന്നിവ പാടില്ല.
ഇതിന് പുറമേ മറ്റ് തീരുമാനങ്ങൾ ഇങ്ങനെ
*ഔദ്യോഗിക ചര്‍ച്ചകള്‍, യോഗങ്ങള്‍, പരിശീലനങ്ങള്‍, ശില്പശാലകള്‍, സംവാദങ്ങള്‍ തുടങ്ങിയ പരിപാടികളെല്ലാം പരമാവധി ഓണ്‍ലൈനായി നടത്തണം.
*ഔദ്യോഗിക യാത്രാചെലവുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനും പരിശോധിച്ചു പണം നല്‍കുന്നതിനും ഒരു ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം സ്പാര്‍ക്കിന്‍റെ ഭാഗമായി ധനകാര്യ വകുപ്പ് രണ്ടു മാസത്തിനകം ഏര്‍പ്പെടുത്തും.
*ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനിയും സൂക്ഷിക്കേണ്ട തില്ലെന്നും പുനരുപയോഗിക്കാന്‍ കഴിയില്ലെന്നും ഉറപ്പു വരുത്തിയിട്ടുള്ള സാധനങ്ങള്‍ വരുന്ന മൂന്നു മാസത്തിനുള്ളില്‍ ഓണ്‍ലൈനിലൂടെ ലേലം ചെയ്തു വില്‍ക്കുന്നതിനുള്ള നടപടികള്‍ സ്റ്റോര്‍ പെര്‍ച്ചസ് വകുപ്പ് കൈക്കൊള്ളണം.
*ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും കെട്ടിട സൗകര്യങ്ങളില്‍ ഉപയോഗിക്കാതെ ശേഷിക്കുന്ന സ്ഥലം എത്രത്തോളം ഉണ്ടെന്നു കണ്ടെത്തി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയെ അവിടേക്കു മാറ്റുന്നതിനും കൂടുതല്‍ സ്ഥലം അവശ്യമുള്ളവര്‍ക്കു നല്‍കുന്നതിനും വെബിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ വിവര ശേഖരണം നടത്തി രണ്ടു മാസത്തിനുള്ളില്‍ പൊതുമരാമത്തു വകുപ്പ് നിര്‍വഹണ നിര്‍ദേശങ്ങള്‍ തയാറാക്കേണ്ടതാണ്.
*സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുക അടിയന്തിരമായി പിരിച്ചെടുക്കാന്‍ മിഷന്‍ മോഡില്‍ ടാസ്ക്ഫോഴ്സ് രൂപീകരിക്കും. ഭൂമിയുടെ കമ്പോളവില അനുസരിച്ച് പാട്ടത്തുക കണക്കാക്കാനും പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉപയോഗ ശൂന്യമായിട്ടിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും.
*ഈ നടപടികള്‍ക്കൊപ്പം ഇപ്പോള്‍ നിലവിലുള്ള മറ്റെല്ലാ ചെലവു ചുരുക്കല്‍ നടപടികളും തുടരും.
എല്ലാ ചെലവു ചുരുക്കല്‍ തീരുമാനങ്ങളും എല്ലാ വകുപ്പിലും അവയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും ഓണ്‍ലൈനായി റിപ്പോര്‍ട്ട് നല്‍കുന്നതിനും ഓരോ വകുപ്പിലും കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും സേവന പരിചയം ഉള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. അവരുടെ മൊബൈല്‍ ഫോണ്‍, ഇ-മെയില്‍ വിലാസം എന്നീ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ധനകാര്യ (വ്യയ) സെക്രട്ടറിക്കു ഇ-മെയിലായി രണ്ടാഴ്ചയ്ക്കകം അറിയിക്കണം.
എന്നാൽ ഈ മന്ത്രിസഭ യോഗ തീരുമാനത്തിന് വിരുദ്ധമായാണ് സെപ്തംബർ 19ന് പുറത്തിറങ്ങിയ ഈ ഉത്തരവ്. മൂന്ന് സീറ്റ് സോഫ- ഒന്ന്, ഒരു സീറ്റ് സോഫ-5 എണ്ണം, സെന്റർ ടേബിൾ- ഒന്ന്, സൈഡ് ടേബിൾ മൂന്നെണ്ണം എന്നിവ വാങ്ങാനായാണ് 1.81 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ഈ മാസം ഏഴിന് നൽകിയ ചീഫ് സെക്രട്ടറിയുടെ സ്പെഷ്യൽ സെക്രട്ടറി നൽകിയ കുറിപ്പിന് മറുപടിയായാണ് ഉത്തരവ്. സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം മാറ്റിവെയ്ക്കൽ വീണ്ടും ആറു മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ച 16ന് ചേർന്ന മന്ത്രിസഭയോഗ തീരുമാനമാണ് 19ന് സർക്കാർ തന്നെ ലംഘിച്ചിരിക്കുന്നത്.