''ഹൈക്കോടതി വിധിയില്‍ ഇടതുമുന്നണിയില്‍ രണ്ട് ഘടകകക്ഷികള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ത്തുന്നത്. ഒരു ഘടകകക്ഷി വിധി സ്വാഗതാര്‍ഹമെന്ന് പറയുമ്പോള്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് മറ്റൊരു കക്ഷി അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റെയും അഭിപ്രായമറിയാനും ജനങ്ങള്‍ക്ക് അറിയാന്‍ താത്പര്യമുണ്ട്' കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ മുസ്ലീംലീഗ് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞത് യുഡിഎഫ് അംഗീകരിക്കുന്നുണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
അതേസമയം ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെടുമ്പോള്‍, വിധിയെ സ്വാഗതം ചെയ്യുകയും അപ്പീലിന് പോകേണ്ടതില്ലെന്നുമുള്ള നിലപാടാണ് സിറോ മലബാര്‍ സഭയ്ക്ക്. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ വെട്ടിലായി. ഈ വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാരിന്. ഹൈക്കോടതി വിധി പഠിച്ചശേഷം നിയമവകുപ്പ് ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. അതനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍ നടപടി.
advertisement
സര്‍ക്കാര്‍ മാത്രമല്ല, പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ കോണ്‍ഗ്രസും ഈ ഉത്തരവോടെ വെട്ടിലായി. വിധിക്കെതിരെ മുസ്ലിം ലീഗ് അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് എന്ത് നിലപാട് എടുക്കുന്നുവെന്നത് നിര്‍ണായകമാണ്. പ്രത്യേകിച്ച്, ക്രൈസ്തവ സഭകള്‍ വിധിയെ സ്വാഗതം ചെയ്യുന്ന സാഹചര്യത്തില്‍.
ന്യൂനപക്ഷക്ഷേമ പദ്ധതി വിതരണത്തിന് നിശ്ചയിച്ച അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ ഐഎന്‍എല്‍ പ്രതികരിച്ചു. പാര്‍ട്ടി കൂടിയാലോചിച്ചശേഷം വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്നും സര്‍ക്കാരിനോട് അപ്പീല്‍ നല്‍കാന്‍ ആവശ്യപ്പെടുമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ കാസര്‍ഗോഡ് പറഞ്ഞു.
അതേസമയം, ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് രംഗത്തെത്തി. ന്യായമായ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ഓരോ സമുദായങ്ങള്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്. പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പിന്നീടാകാമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ വിധിയില്‍നിന്ന് മനസിലാക്കുന്നത് സ്‌കോളര്‍ഷിപ്പ് അര്‍ഹതപ്പെട്ട എല്ലാ കുട്ടികള്‍ക്കും ലഭിക്കണം എന്നതാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കി. വിധി പകര്‍പ്പ് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

