ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിധിയുടെ വിവിധ വശങ്ങള്‍ പഠിച്ച് പരിശോധന പൂര്‍ത്തിയായ ശേഷമേ സര്‍ക്കാരിന് നിലപാട് സ്വീകരിക്കാന്‍ സാധിക്കുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിധിയെക്കുറിച്ച് നിയമവകുപ്പില്‍ നിന്ന് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 80 ശതമാനം മുസ്ലീങ്ങള്‍ക്കും 20 ശതമാനം ക്രിസ്ത്യാനികള്‍ക്ക് എന്ന അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിരുന്നത്. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്.
അതേസമയം ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് സിറോ മലബാര്‍ സഭ. കാലങ്ങളായി നിലനിന്ന അനീതി പരിഹരിക്കാനുള്ള കോടതി ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് സഭാ വക്താവ് ഡോ.ചാക്കോ കാളാമ്പറില്‍ പറഞ്ഞു. ക്രിസ്തീയ പിന്നോക്കാവസ്ഥ പഠിക്കുന്ന കോശി കമ്മീഷന്റെ നടപടി വേഗത്തിലാക്കണം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
advertisement
വിധിക്കെതിരെ അപ്പീല്‍ പോകുന്നതില്‍ അര്‍ത്ഥമില്ല. ഒരു പതിറ്റാണ്ട് മുമ്പെങ്കിലും പരിഹരിക്കപ്പെടേണ്ട വിഷയം ഇപ്പോഴെങ്കിലും കോടതി ഇടപെട്ടത് വഴി ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്ന അനീതി സര്‍ക്കാര്‍ പുനഃക്രമീകരിക്കണമെന്നാണ് സഭയുടെ നിലപാട്. 92 ലെ ന്യൂനപക്ഷ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വന്ന സച്ചാര്‍ കമ്മിറ്റി തന്നെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും കിട്ടേണ്ടുന്ന അവകാശങ്ങള്‍ എടുത്തുപറയുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് പടിപടിയായി അട്ടിമറിയ്ക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് പാലൊളി പോലും 80:20 അനുപാതത്തെ തള്ളിപ്പറയുന്നത്. ലീഗിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണ് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അവകാശങ്ങള്‍ നഷ്ടമാകുന്നതെന്നും സഭാ വക്താവ് ആരോപിച്ചു. പിന്നോക്കാവസ്ഥ കൂടുതലുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഹൈക്കോടതി വിധി നിരാശാജനകമാണ്. അപ്പീല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. കോടതിയില്‍ വസ്തുത അവതരിപിക്കുന്നതില്‍ വീഴ്ച പറ്റിയെങ്കില്‍ സര്‍ക്കാര്‍ തിരുത്തണം. മുസ്ലിം വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണം.
ഉദ്യോഗസ്ഥ പ്രാതിനിധ്യത്തില്‍ മുസ്ലീം സമുദായത്തിനുള്ള ഭീമമായ കുറവിന് കാരണം വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ്. ഹൈക്കോടതി റദ്ദാക്കിയ സ്‌കോളര്‍ഷിപ്പിന്റെ ലക്ഷ്യം മുസ്ലീം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കലാണ്. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സ്‌കോളര്‍ഷിപ്പിനെ റദ്ദാക്കികൂടായെന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.