അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചു. സിപിഎം പലസ്തീൻ റാലിയിൽ പങ്കെടുക്കുമെന്ന ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിക്കവെ നടത്തിയ പരാമർശമാണ് വിവാദമായത്. അടുത്ത ജന്മത്തിൽ പട്ടിയാകണമെന്ന് കരുതി ഇപ്പോൾ തന്നെ കുരക്കേണ്ടതില്ലെന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. സി പി എമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നും സുധാകരൻ പറഞ്ഞിരുന്നു.
Also Read- മുസ്ലിം ലീഗിനെ ചൊടിപ്പിച്ച കെ. സുധാകരന്റെ പട്ടി പരാമർശം എന്ത്?
advertisement
”എല്ലാവരും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഇത് പലതവണ പറഞ്ഞതാണ്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അത് പറഞ്ഞതെന്ന് അറിയില്ല. കോൺഗ്രസിന്റെയും യുഡിഎഫിന്റെ നേതൃത്വം അത് പരിശോധിക്കണം”- പി എം എ സലാം പറഞ്ഞു.
പലസ്തീൻ വിഷയം ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്നമല്ല, മനുഷ്യാവകാശ പ്രശ്നമാണെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും സലാം വ്യക്തമാക്കി.
“ഇ ടി ഞങ്ങളുടെ മുതിർന്ന നേതാവാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ കൂടിയാലോചിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തത്. പാർട്ടിയുടെ പൊതു അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. ഒന്നുകൂടി കൂടിയിരുന്ന് ഔദ്യോഗിക തീരുമാനമാക്കി ഉടൻ വരും”- പി എം എ സലാം പ്രതികരിച്ചു.
ഇതിനിടെ, മുസ്ലിം ലീഗ് യുഡിഎഫിന്റെ ഭാഗമാണെന്ന് കെ സുധാകരൻ പറയേണ്ട കാര്യമില്ലെന്ന് എം കെ മുനീർ പറഞ്ഞു. എല്ലാവരും കൂട്ടായാണ് യുഡിഎഫിൽ തീരുമാനങ്ങൾ എടുക്കാറുള്ളത്. ലീഗ് എന്നും യുഡിഎഫിന്റെ ഭാഗമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും എം കെ മുനീർ വ്യക്തമാക്കി. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. ഈ വിഷയത്തിൽ ആലോചിച്ച് അന്തിമ തീരുമാനം സ്വീകരിക്കുമെന്നും മുനീര് കൂട്ടിച്ചേർത്തു.