ലത്തീൻ അതിരൂപത മേധാവിക്കെതിരെ കേസ് എടുത്തതിനെയും എൽഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷി കൂടിയായ കേരള കോൺഗ്രസ് എം കുറ്റപ്പെടുത്തി. സമരവുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാതിരുന്ന ആളായ ലത്തീൻ രൂപത മേധാവി ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോക്കെതിരെ കേസെടുത്തത് നിർഭാഗ്യകരമായി പോയി എന്ന് ജോസ് കെ മാണി വിമർശിച്ചു. വിഴിഞ്ഞം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കേരള കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം കോട്ടയത്ത് ചേർന്ന ശേഷമാണ് മാധ്യമങ്ങളെ കണ്ട ജോസ് കെ മാണി കടുത്ത വിമർശനവുമായി രംഗത്ത് വന്നത്.
advertisement
ഇത് ആദ്യമായാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നത്. ഇടതുമുന്നണിയിൽ എത്തിയശേഷം പല നിർണായക വിഷയങ്ങളോടും അകന്നു നിൽക്കാനാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം തയ്യാറായത്. പല പ്രതികരണങ്ങളും നടത്താൻ ജോസ് കെ മാണി വിഭാഗം തയ്യാറായില്ല. വിവാദ വിഷയങ്ങളിൽ അടക്കം മാധ്യമങ്ങളിൽ നിന്ന് മാറി നടക്കാനാണ് ജോസ് ശ്രമിച്ചത്. എന്നാൽ അതിന് പിന്നാലെയാണ് ക്രൈസ്തവസഭ നിർണായക പങ്കാളിത്തം വഹിക്കുന്ന സമരത്തിൽ സമരക്കാരെ അനുകൂലിച്ചും, സംസ്ഥാന സർക്കാരിനെ തള്ളിപ്പറഞ്ഞും ജോസ് കെ മാണി രംഗത്ത് വരുന്നത്.
കേരള കോൺഗ്രസ് ഇടതുമുന്നണിയിൽ എത്തിയത് എൽഡിഎഫിന് വലിയ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയിരുന്നു. മധ്യകേരളത്തിൽ അടക്കം പല നിയമസഭാ സീറ്റുകളും വിജയിച്ച് കയറാൻ ജോസ് കെ മാണിയുടെ സാന്നിധ്യം ഗുണമായി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഭൂരിപക്ഷം പഞ്ചായത്തുകളും വിജയിച്ചു കയറാൻ ഇടതുമുന്നണിക്കായത് ജോസ് കെ മാണിയുടെ സാന്നിധ്യം കൊണ്ടാണ്. ജോസ് കെ മാണി വിഭാഗം വിട്ടുപോയത് തിരിച്ചടിയായതായി യുഡിഎഫും വിലയിരുത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി ഞെട്ടിക്കുന്ന പ്രതികരണവുമായി ജോസ് കെ മാണി വിഭാഗം രംഗത്ത് വരുന്നത്.
സംസ്ഥാന സർക്കാരിന്റെ നടപടികളിലുള്ള ജോസ് വിഭാഗത്തിന്റെ അഭിപ്രായ ഭിന്നത കൂടിയാണ് ഇതോടെ പുറത്തുവരുന്നത്. അച്ചടക്കമുള്ള ഘടകകക്ഷിയായി ഇടതുമുന്നണിയിൽ ഇത്രയും കാലവും നിലനിന്നിരുന്ന ജോസ് കെ മാണി വിഭാഗം പെട്ടെന്ന് പൊട്ടിത്തെറിച്ച് രംഗത്ത് വന്നത് ഇടതുമുന്നണി നേതൃത്വത്തെയും ഞെട്ടലിൽ ആക്കിയിട്ടുണ്ട്. ഏതായാലും വിഴിഞ്ഞം സമരത്തിൽ ഇതോടെ സർക്കാർ കൂടുതൽ സമ്മർദ്ദത്തിൽ ആകുന്ന സാഹചര്യമാണ് രൂപപ്പെട്ടത്.