പിണറായി മന്ത്രിസഭയില്‍ ഇ.പി ജയരാജൻ, എ.കെ ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നിവരൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാജിവെച്ചിരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗത്തിനില്ലാത്ത എന്ത് പരിഗണനയാണ് ജലീലിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ലൈഫ് മിഷനില്‍ മന്ത്രിപുത്രന് കമ്മീഷന്‍ കിട്ടിയെന്ന വാര്‍ത്ത വരുന്നു. സ്വപ്‍നയ്ക്ക് മന്ത്രിമാരുമായും മന്ത്രി പുത്രൻമാരുമായും ലിങ്കുണ്ടെന്ന് വ്യക്തമാവുകയാണെന്നും മുരളീധരൻ പറഞ്ഞു.
കോവിഡിന്റെ മറവിൽ സ്വര്ണക്കള്ളക്കടത്തും കരിഞ്ചന്തയുമാണ് സംസ്ഥാനത്ത് നടക്കുന്നത്. സ്റ്റണ്ടും സെക്‌സുമുള്ള സിനിമയായി പിണറായി സർക്കാർ മാറി. മന്ത്രി പുത്രനെതിരായ ആരോപണം അന്വേഷിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
advertisement
യെച്ചൂരിക്കെതിരായ കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. എന്നാല്‍ മന്ത്രി കെ ടി ജലീലിനെ ഇ ഡി ചോദ്യം ചെയ്തതിനെ അങ്ങനെ കാണാനാവില്ല. നിരപരാധിയാണെന്ന് ബോധ്യമുണ്ടെങ്കിൽ ജലീല്‍ ചോദ്യം ചെയ്യലിന് തലയിൽ മുണ്ടിട്ട് പോയത് എന്തിനാണ്? മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നതിനൊന്നും ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ എന്തുകൊണ്ട് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് ജലീല്‍ വ്യക്തമാക്കണം. സീസറിന്‍റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞതേ പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ പറയാനുള്ളൂവെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി.
കള്ളക്കടത്ത് കേസിൽ മന്ത്രി പ്രതിസ്ഥാനത്താവുമ്പോൾ പ്രതിപക്ഷത്തിന് തെരുവില്‍ സമരം ചെയ്യാതിരിക്കാനാകില്ല. സമരം ചെയ്താല്‍ ചത്തു പോവുമെന്ന് പറഞ്ഞ മന്ത്രിക്ക് തന്നെ കോവിഡ് വന്നു. അതൊന്നും പ്രതിപക്ഷം സമരം ചെയ്തതു കൊണ്ടല്ലെന്ന് മുരളീധരന്‍ പറഞ്ഞു.
സംസ്ഥാനരാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് സജീവമാവേണ്ട കാര്യമില്ലെന്നും താനിവിടെത്തന്നെയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. എം പി മാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യം നിലവിലില്ല. നേരത്തെ ഒരു പ്രത്യേക സാഹചര്യം വന്നപ്പോള്‍ ലോക് സഭയിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്തരം സാഹചര്യം ഇല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.