Gold Smuggling Case | സ്വർണക്കടത്ത് കേസ്: ഇ.ഡിക്ക് പിന്നാലെ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസും എൻ.ഐ.എയും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാകും മന്ത്രിയുടെ മൊഴിയെടുക്കുക. ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം.
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) പിന്നാലെ എൻഐഎയും കസ്റ്റംസും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തേക്കുമെന്നു സൂചന. ഇതിനു മുന്നോടിയായി മന്ത്രി ഇ.ഡിക്ക് നൽകിയ മൊഴി ഇരു ഏജൻസികളും വിശദമായി പരിശോധിക്കും. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാകും മന്ത്രിയുടെ മൊഴിയെടുക്കുക. ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ഉടൻ നോട്ടീസ് നൽകുമെന്നാണ് വിവരം.
യു.എ.ഇ കോൺസുലേറ്റ് വഴി കേരളത്തിൽ മതഗ്രന്ഥങ്ങൾ എത്തിച്ചതിന്റെ മറവിൽ കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്നാണ് ഏജൻസികൾ പരിശോധിക്കുന്നത്. കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. ഈ മൊഴി കോടതി തെളിവായി പരിഗണിക്കുന്നതിനാൽ പിന്നീട് മാറ്റിപ്പറയാനാകില്ല.
യു.എ.ഇ കോൺസുലേറ്റ് വഴിയെത്തിയ ബാഗേജ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം സി.ആപ്ടിന്റെ വാഹനത്തിൽ മലപ്പുറത്ത് എത്തിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാഗേജിലുണ്ടായിരുന്നത് റംസാൻ റിലീഫ് കിറ്റും മത ഗ്രന്ഥങ്ങളുമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ എത്തിയ ബഗേജിന്റെ തൂക്കത്തിൽ വ്യത്യാസമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് മന്ത്രിയിൽ നിന്നും മൊഴിയെടുക്കാൻ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
advertisement
ഇതിനിടെ മന്ത്രി ജലീലിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്. ചോദ്യാവലി തയാറാക്കിയാകും ഇനി മൊഴി രേഖപ്പെടുത്തുക.
വെള്ളിയാഴ്ച രാവിലെ അതീവ രഹസ്യമായാണ് മന്ത്രി കെ.ടി ജലീൽ ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസിൽ ഹാജരായത്. മാധ്യമങ്ങൾ അറിയാതിരിക്കാൻ സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രിയുടെ യാത്ര. ഇ.ഡി ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരവും ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 13, 2020 8:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | സ്വർണക്കടത്ത് കേസ്: ഇ.ഡിക്ക് പിന്നാലെ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസും എൻ.ഐ.എയും