തൃശൂർ: ലൈഫ് മിഷന്‍ തട്ടിപ്പില്‍ മന്ത്രി ഇ.പി.ജയരാജന്റെ മകൻ ഒരു കോടി രൂപ കൈപ്പറ്റിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാരിലും പാർട്ടിയിലുമുള്ള പല വമ്പൻമാരും കുടുങ്ങുമെന്നതിനാലാണ് അന്വേഷണ ഏജൻസികൾക്കെതിരെ സി.പി.എം ആരോപണം ഉന്നയിക്കുന്നത്. ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാൽ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളിലേക്കും മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുകയാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
സ്വപ്നയും ജയരാജന്റെ മകനും തമ്മിൽ ബന്ധമുണ്ടെന്ന തെളിവ് പുറത്ത് വന്നിട്ടുണ്ട്. ലൈഫ് മിഷനിൽ കമ്മീഷനായി ലഭിച്ച ഒരു കോടി രൂപ കഴിച്ചുള്ള ഭീമമായ തുക ജയരാജന്റെ മകനിലേക്കാണ് പോയത്. ഈ സാഹചര്യത്തിലാണ് സി.പി.എം ഇ.ഡിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പരസ്യമായി നിലപാട് വ്യക്തമാക്കണം. മുമ്പ് സ്വീകരിച്ച നിലപാട് മാറ്റി പറയുന്നുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.
താൻ പ്രധാനമന്ത്രിക്ക് കത്തെുതിയതിനാലാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതെന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. കേന്ദ്ര ഏജൻസികൾ ശരിയായ രീതിയിലാണ് അന്വേഷണം നടത്തുന്നതെന്നും മടിയിൽ കനമില്ലെന്നും അന്വേഷണം കഴിയുമ്പോൾ മറ്റുള്ളവരാണ് കുടുങ്ങാൻ പോകുന്നതെന്നും പറഞ്ഞിരുന്നു.
സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കോടി രൂപമാത്രമാണ് കണ്ടെത്തിയത്. ഒരുകോടി കഴിച്ചുളള കമ്മീഷനില്‍ ഭീമമായിട്ടുളള തുക ഇ.പി.ജയരാജന്റെ മകനിലേക്കാണ് പോയതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. അതാണ് ഇഡിക്കെതിരെ പരസ്യമായ നിലപാട് സി.പി.എം. സ്വീകരിച്ചിരിക്കുന്നത്. സ്വപ്നയും ജലീലും ഒരേ തൂവൽ പക്ഷികളാണ്. ജലീൽ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്. സർക്കാർ രാജിവെച്ച് അന്വേഷണവുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇ.പി.ജയരാജിന്റെ മകനെതിരെ സ്വപ്‌നസുരേഷുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ തട്ടിപ്പിലും മറ്റ് സാമ്പത്തിക ഇടപെടലുകളിലും പേര് ഉയര്‍ന്നുവരുന്നതാണ് സിപിഎമ്മിന്റ വേവലാതിക്ക് കാരണം. ഇ.പി.ജയരാജന്റെ മകനും സ്വപ്‌ന സുരേഷും തട്ടിപ്പുസംഘങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ തെളിഞ്ഞുവരികയാണ്. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ തട്ടിപ്പില്‍ പാര്‍ട്ടി ചാനല്‍ തന്നെ കമ്മിഷന്‍ നാലരക്കോടിയാണെന്ന് വ്യക്തമാക്കിയിരുന്നു.
ലഹരിമരുന്ന് കേസിലും സ്വർണക്കടത്ത് കേസിലും ബിനീഷ് കോടിയേരി ഉൾപ്പെട്ടിട്ടുണ്ട്. ആശുപത്രിയിലായിരുന്നപ്പോൾ നഴ്സുമാരുടെ ഫോണിലൂടെ സ്വപ്ന ഉന്നതരായ പലരേയും വിളിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ച് സ്വപ്ന ആരെയാണ് വിളിച്ചതെന്ന് കണ്ടെത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BJP president K Surendran, Ep jayarajan, Gold Smuggling Case, Kt jaleel, KT Jaleel controversy, LIFE Mission, Minister kt jaleel, UAE consulate