ഈ നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം-ബിജെപി കൂട്ടുകെട്ടുണ്ടാക്കുമെന്നും സുധാകരൻ ആരോപിച്ചു. ബിജെപിയുടെ ഒന്നാം ശത്രു സിപിഎമ്മല്ല കോണ്‍ഗ്രസാണ്. പുലി പോലെ വന്ന കേസുകളും കേന്ദ്ര ഏജന്‍സികളും ഇപ്പോളെവിടെയെന്നും അദ്ദേഹം ചോദിച്ചു.
പാണക്കാട് ഇനിയും പോകുമെന്നും നേതാക്കളെ കാണുമെന്നും മുസ്ലിം ലീഗുമായി ചര്‍ച്ച നടത്തുമെന്നും സുധാകരൻ വ്യക്തമാക്കി. യുഡിഎഫിലെ ഘടകകക്ഷിയുടെ അടുത്തു കോണ്‍ഗ്രസ് പോകുന്നതില്‍ ഒരു തെറ്റുമില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
കെപിസിസി പ്രസിഡന്റാകുമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. ആകാം. ആകാതിരിക്കാം. പാര്‍ട്ടി നല്‍കുന്ന ഏതു സ്ഥാനവും സ്വീകരിക്കുമെന്നും യുഡിഎഫ് ആത്മവിശ്വാസത്തിലാണെന്നും കെ.സുധാകരന്‍ എംപി പറഞ്ഞു.
advertisement
രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാണക്കാട്ടേക്ക് പോയതിനെതിരെ കഴിഞ്ഞ ദിവസം വിജയരാഘവൻ വിമർശനം ഉന്നയിച്ചിരുന്നു. മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുക എന്നതായിരുന്നു നേതാക്കളുടെ ലക്ഷ്യമെന്നായിരുന്നു വിജയരാഘവന്റെ വിമർശനം. യു ഡി എഫിനെ നിയന്ത്രിക്കുന്നത് ലീഗാണ്. യു ഡി എഫിനെ ഒരു തരം രാഷ്ട്രീയ ദിശാദാരിദ്ര്യമാണ് ബാധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
