കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവര്‍ച്ച നടത്തിയെന്നതാണ് കേസ്. ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച പണമാണെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കുഴല്‍പ്പണമാണെന്നും കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണത്തില്‍ ഫോണില്‍ വിളിച്ചും നോട്ടീസ് അയച്ചുമുള്ള ചോദ്യംചെയ്യലിന് ഹാജരാകില്ലെന്നാണ് ബി.ജെ.പി കോര്‍ കമ്മിറ്റി തീരുമാനിച്ചിരിുന്നത്. കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും പൊലീസും പാര്‍ട്ടിയെ വേട്ടയാടുന്നുവെന്നാണ് ബി.ജെ.പി ആരോപിച്ചിരുന്നത്.
advertisement
ബിജെപി നേതാക്കളെ ആക്രമിക്കാനുള്ള ഗൂഢാലോചനയാണ് കേസ് അന്വേഷണത്തിലൂടെ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തുന്നതെന്നാണ് പ്രധാന ആരോപണം.
അതേസമയം കൊടകര കേസിന്റെ തുടക്കത്തില്‍ കെ സുരേന്ദ്രനെ പിന്തുണയ്ക്കാന്‍ ബിജെപി നേതാക്കളാരും തയ്യാറാകാത്തത് വാര്‍ത്തയായിരുന്നു. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ മാത്രമാണ് വാര്‍ത്താക്കുറിപ്പിലൂടെ സുരേന്ദ്രനെ പിന്തുണച്ചെത്തിയത്. എന്നാല്‍ പിന്നീട് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ് ഉള്‍പ്പെടെയുള്ള നേതാക്കളും സുരേന്ദ്രനെ പിന്തുണച്ചെത്തിയിരുന്നു.
സ്വര്‍ണക്കടത്തും കോവിഡ് മരണക്കണക്കിലെ കള്ളക്കളിയുമടക്കം സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ നീക്കമെന്ന് കേന്ദമന്ത്രി വി മുരളീധരന്‍ ആരോപിച്ചിരുന്നു.
കൊടകര കേസിലെ പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് മാത്രം പരിശോധിച്ചു ബിജെപി നേതാക്കളെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നതിലെ കുബുദ്ധിയും ദുഷ്ടലാക്കും ആര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളുവെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനെ വളഞ്ഞിട്ട് കല്ലെറിഞ്ഞും തേജോവധം ചെയ്തും പാര്‍ട്ടിയെ തകര്‍ക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
