കുറിപ്പിന്റെ പൂർണരൂപം
ബഹുമാന്യരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ യാത്രയായി. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ബന്ധമുണ്ട് തങ്ങളുമായി. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ അനേകം മസ്ജിദുകളുടെ ഖാളിയും മഹല്ല് ജമാഅത്തുകളുടെ ഉപദേഷ്ടാവും സുന്നി സ്റ്റുഡൻറ് ഫെഡറേഷൻ (SSF) സ്ഥാപക പ്രസിഡന്റും രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക പ്രവർത്തന രംഗത്ത് ഏറെ ആദരണീയ നേതാവുമായിരുന്ന അദ്ദേഹത്തെ എഴുപതുകൾ മുതലേ അടുത്ത പരിചയമുണ്ട്.
രോഗാവസ്ഥയിലും വിശ്രമത്തിലും കാണുകയും കുടുംബത്തോടും ലീഗ് നേതാക്കളോടും നിരന്തരം വിവരങ്ങൾ ചോദിച്ചറിയുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.
advertisement
സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചവരായിരുന്നു തങ്ങൾ. കാണുമ്പോഴെല്ലാം സൗഹൃദം പങ്കിടുകയും സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാക്കി കൊടുക്കട്ടെ. എല്ലാവരുടെയും വേദനയായ ഈ വേർപാടിൽ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അന്തരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില അടുത്ത ദിവസങ്ങളിലാണ് വഷളായത്. വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയായിരുന്നു.
2009 ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്റെ പദവിയിലെത്തിയത്. പാണക്കാട് തങ്ങൾ കുടുംബം മുസ്ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുക എന്ന കീഴ്വഴക്കമനുസരിച്ചായിരുന്നു ഇത്. 1990 മുതല്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻറായിരുന്നു. 19 വര്‍ഷം ഇതേ സ്ഥാനത്ത് തുടർന്നു.
