പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ (Panakkad Sayed Hyderali Shihab Thangal) വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് (Ghulam Nabi Azad).
''ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേരള സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗ വാർത്ത ഏറെ വേദനിപ്പിക്കുന്നതാണ്. വളരെയേറെ എളിമയുള്ള വ്യക്തിത്വമായിരുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി വളരെയേറെ അടുത്ത് ഇടപഴകിയിട്ടുണ്ട്. ഇത് വ്യക്തിപരമായ വലിയ നഷ്ടമാണ്. പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. അല്ലാഹു അദ്ദേഹത്തിന് ജന്നത്തിൽ സ്ഥാനം നൽകട്ടെ, ആമീൻ'' - ഗുലാം നബി ആസാദ് ട്വീറ്റ് ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അന്തരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില അടുത്ത ദിവസങ്ങളിലാണ് വഷളായത്. വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയായിരുന്നു. 2009 ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്റെ പദവിയിലെത്തിയത്. പാണക്കാട് തങ്ങൾ കുടുംബം മുസ്ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുക എന്ന കീഴ്വഴക്കമനുസരിച്ചായിരുന്നു ഇത്. 1990 മുതല്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻറായിരുന്നു. 19 വര്‍ഷം ഇതേ സ്ഥാനത്ത് തുടർന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.