നിലവിൽ യുഡിഎഫിനൊപ്പം നിന്ന് നേടിയ കോട്ടയം മാത്രമാണ് ലോക് സഭയിൽ പാർട്ടിക്ക് ഉള്ളത്. അടുത്ത തവണ രണ്ടെണ്ണം കൂടി ആവശ്യപ്പെടും. ഇത് ഇടുക്കിയും പത്തനംതിട്ടയും ആകാനാനാണ് സാധ്യത. മൂന്നു മണ്ഡലങ്ങളിലും മണ്ഡല പുനർനിർണയത്തിന് ശേഷം 2004 മുതൽ നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിൽ 2014ൽ ഇടുക്കിയിൽ മാത്രമാണ് എൽ ഡി എഫ് ജയിച്ചിട്ടുള്ളത്.
advertisement
നിയമസഭയിലേക്ക് 30 സീറ്റ് ആവശ്യപ്പെട്ടാലും അത്രയും കിട്ടും എന്ന് ഉറപ്പില്ല. 25 സീറ്റുകൾ എങ്കിലും കിട്ടും എന്നാണ് പ്രതീക്ഷ. എന്നാൽ നിലവിൽ എൽ ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐ നാലു ലോക്സഭാ സീറ്റിലും 25 നിയമസഭാ സീറ്റിലുമാണ് മത്സരിക്കുന്നത്. അതിന് മേലെ കേരള കോണ്‍ഗ്രസി(എം) ന് കിട്ടാൻ ഇപ്പോഴത്തെ അവസ്ഥയിൽ പ്രയാസമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് കേരള കോണ്‍ഗ്രസി (എം)ന് 13 സീറ്റ് നൽകി എങ്കിലും സിപിഎം അണികളുടെ പ്രതിഷേധത്തെ തുടർന്ന് കുറ്റ്യാടി വിട്ടു കൊടുക്കേണ്ടി വന്നു. അങ്ങനെ ശേഷിച്ച ആറ് ജില്ലകളിലെ 12 സീറ്റിൽ മത്സരിച്ച് അഞ്ച് എംഎൽഎമാരാണ് പാർട്ടിക്കുളളത്. ഇടതു മുന്നണി തുടർച്ചയായി തോൽക്കുന്ന സീറ്റുകൾ പാർട്ടി ഏറ്റെടുക്കും. കൂടാതെ വിജയ സാധ്യതയുള്ള സീറ്റുകൾക്ക് അവകാശവാദവും ഉന്നയിക്കും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഇങ്ങനെ മണ്ഡലങ്ങൾ ആവശ്യപ്പെടും.
കേരളാ കോൺഗ്രസ് എന്ന് പേരുണ്ടെങ്കിലും കേരളതലസ്ഥാനത്ത് പാർട്ടി മത്സരിച്ച് നാല് പതിറ്റാണ്ടായി. തിരുവനന്തപുരം ജില്ലയില്‍ കേരളകോണ്‍ഗ്രസി (എം)ന് മറ്റൊരു സീറ്റു വേണമെന്ന് കെ.എം.മാണി യു ഡി എഫിൽ ആവശ്യപ്പെട്ടിരുന്നു എങ്കിലും കിട്ടിയില്ല. നിലവിൽ എൽഡിഎഫിൽ തിരുവനന്തപുരം കേരളാ കോൺഗ്രസ് സീറ്റാണ്. വടക്കൻ കേരളത്തിൽ നാല് ജില്ലകളിലെ കുടിയേറ്റ മേഖലകൾ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കും. മധ്യ കേരളത്തിൽ ആകെയുള്ള 42 സീറ്റുകളിൽ ഇതിൽ 27 സീറ്റുകളാണ് എൽഡിഎഫിനുള്ളത്. കഴിഞ്ഞ തവണ 10 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചത്.
അംഗത്വത്തിലും ജില്ലാ നേതൃനിർണയത്തിലും പുതിയ സംഘടനാ തെരഞ്ഞെടുപ്പോടെ ഇടതു മുന്നണിയിലെ രണ്ടു കമ്യൂണിസ്റ്റ് പാർട്ടികളെയും പോലെ കേഡർ പാർട്ടിയായി മാറിയെന്നാണ് കേരള കോണ്‍ഗ്രസ് (എം) വിശ്വസിക്കുന്നത്. ഞായറാഴ്ച കോട്ടയത്ത് നടന്ന ജന്മദിന സമ്മേളനത്തിലാണ് പാർട്ടി ചെയർമാനായി വീണ്ടും ജോസ് കെ. മാണിയെയും മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തത്. പാർലമെന്ററി പാർട്ടി ലീഡറായി യോഗം അംഗീകരിച്ച മന്ത്രി റോഷി അഗസ്റ്റിന് മറ്റു പ്രധാന പാർട്ടി പദവികൾ നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും ഒടുവിലത്തെ പിളർപ്പിന് മുമ്പ് തലവേദന ആയ വർക്കിംഗ് ചെയർമാൻ പദവി ഇല്ലാതായി. തോമസ് ചാഴികാടൻ എം പി, ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ടി.കെ. സജീവ്, എന്നിവരാണ് വൈസ് ചെയർമാൻമാർ. എൻ.എം. രാജുവിനെ ട്രഷററായും തിരഞ്ഞെടുത്തു. ഏഴു പേരാണ് രാഷ്ട്രീയകാര്യ സമിതിയിൽ. ജനറൽ സെക്രട്ടറിമാരുടെ എണ്ണം മൂന്നിലൊന്നാക്കി 45ൽ നിന്നും 15 ആക്കി. 23 ഉന്നതാധികാര സമിതി അംഗങ്ങൾ, 91 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ, 131 സെക്രട്ടേറിയറ്റ് അംഗങ്ങൾ, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുത്തു.
Also Read-സന്ദീപ് വാര്യർ BJP വക്താവ് സ്ഥാനത്ത് നിന്ന് പുറത്ത്; സംഘടനാപരമായ കാര്യമെന്ന് സുരേന്ദ്രൻ
കെഎം മാണിയുടെ മരണത്തിനും പിളർപ്പിനും ശേഷം മുതിർന്ന നേതാക്കന്മാർ മുഴുവൻ മറുവിഭാഗത്തിലേക്ക് പോയി ജോസ് കെ. മാണിയെ വ്യക്തിപരമായി കടന്നാക്രമിക്കുകയും നിരന്തരം പരിഹസിക്കുകയും ചെയ്യുന്ന സ്ഥിതിയുമുണ്ടായി. ഇടതുപക്ഷത്തേക്ക് പോകാൻ തീരുമാനമെടുത്തപ്പോൾ മുങ്ങുന്ന കപ്പലിലേക്കാണ് എന്നും രാഷ്ട്രീയ അന്ത്യമായിരിക്കുമെന്നും പരിഹസിച്ചു. എന്നാൽ പരമ്പരാഗത യുഡിഎഫ് സീറ്റുകളിൽ എൽഡിഎഫിന് വിജയം സമ്മാനിച്ചതിൽ കേരളാ കോണ്‍ഗ്രസിന്റെ പങ്ക് സിപിഎം നേതൃത്വം തന്നെ അംഗീകരിച്ചു.
പിജെ ജോസഫ് നയിക്കുന്ന കേരളാ കോൺഗ്രസ് വരും ദിവസങ്ങളിൽ കൂടുതൽ ദുർബലമാകും എന്നും കൂടുതൽ നേതാക്കളും അണികളും തങ്ങൾക്കൊപ്പം ചേരും എന്നുമാണ് കേരളാ കോൺഗ്രസ് (എം ) ഉറച്ചു വിശ്വസിക്കുന്നത്.