ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ചയും അവധി നൽകിയത്. നിലവിൽ അത്യാവശ്യ സേവനങ്ങളിലൊഴികെ പകുതിപ്പേർ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്. ലോക്ക് ഡൗൺ നാലാം ഘട്ട ഇളവുകള്‍ അനുസരിച്ച് ഏതാണ്ട് എല്ലാ മേഖലകളും തുറക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്ന് നിലപാട് പൊതുഭരണ വകുപ്പ് സ്വീകരിച്ചത്.
advertisement
പൊതുഗതാഗതം പൂർണ്ണതോതിൽ പുനഃരാരംഭിച്ചിട്ടില്ലാത്തതിനാൽ ജില്ല വിട്ട് ദൂരയാത്ര ചെയ്തു വരുന്നവർക്ക് ഇളവ് തുടർന്നേക്കും. അവർ അതത് ജില്ലാ കളക്ടർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്ത ശേഷം അതത് സ്ഥലങ്ങളിൽ ജോലി തുടരണം. പൊതുഗതാഗതം സാധാരണ നിലയിലാവുന്ന മുറയ്ക്ക് ഓഫീസിലെത്തണമെന്നാണ് നിർദേശം. ഓഫീസുകളുടെ പ്രവർത്തനം നിയന്ത്രണങ്ങൾക്ക് നടുവിൽ തുടരുന്നതിനാൽ വികസന പദ്ധതികളെ സാരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലുകളുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പൊതുഭരണവകുപ്പിന്‍റെ നീക്കമെന്നാണ് കരുതപ്പെടുന്നത്.
