Kerala Local Body Election Results Live:പാലാ നഗരസഭയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ വിജയിച്ചു
പാലാ നഗരസഭയിലേക്ക് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വിജയിച്ചു. 13, 14, 15 വാര്‍ഡുകളില്‍ മല്‍സരിച്ച ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ ബിനു, സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരാണ് സ്വതന്ത്രരായി ജയിച്ചത്. 20 വര്‍ഷമായി സ്വതന്ത്രന്‍, ബിജെപി,സിപിഎം, ഇങ്ങനെ ജയിച്ച വ്യക്തി കൂടിയാണ് ബിനു. പാലാ നഗരസഭയിൽ സിപിഎം ചിഹ്നത്തില്‍ മല്‍സരിച്ച് ജയിച്ച ഏക വ്യക്തിയായ ബിനുവിന് നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി മല്‍സരിച്ചത്. കേരള കോണ്‍ഗ്രസുമായുള്ള തര്‍ക്കമാണ് ബിനുവിനെ പുറത്താക്കുന്നതിലേക്ക് നയിച്ചത്.
കന്നിയങ്കത്തില്‍ തന്നെ ജയിച്ച ദിയ എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു.ഏറെക്കാലം കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പുളിക്കക്കണ്ടത്തിൽ പിവി സുകുമാരന്‍ നായരുടെ മക്കളാണ് ബിനുവും ബിജുവും. ഈ കുടുംബത്തിന്റെ പിന്തുണ പാലാ നഗരസഭ ഭരിക്കുന്നവര്‍ക്ക് നിര്‍ണായകമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം ബിജു സജീവമായിരുന്നു.