നാട് സന്തോഷിക്കുന്ന സമയത്ത് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്റെ പതിവാണ്. വിമര്‍ശനം എല്‍ഡിഎഫ് ഭരിക്കുന്നതിനാലാണ്. ഇത്ര ഇടുങ്ങിയ മനസുമായി പ്രവര്‍ത്തിക്കാമോ?. യുഡിഎഫ് നിര്‍മിച്ചുതുടങ്ങിയ വീടുകള്‍ ലൈഫില്‍ ഉണ്ടെങ്കില്‍ ക്രെഡിറ്റ് എടുത്തോളൂയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട് പൂര്‍ത്തിയായില്ല എന്നത് മാത്രമാണ് നോക്കിയത്. എന്തുകൊണ്ടാണ് നേരത്തെ വീട് പൂര്‍ത്തിയാക്കാന്‍ യുഡിഎഫ് പണം അനുവദിക്കാതിരുന്നത്? ഇത്ര ഇടുങ്ങിയ മനസ് കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ പറ്റുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റൂ എന്ന് പ്രതിപക്ഷം മനസിലാക്കണം. പ്രതിപക്ഷം നന്നാവുമെന്ന് തോന്നുന്നില്ല. ഒന്നിച്ചുനീങ്ങാന്‍ ഇനിയും അവസരമുണ്ട്. നാടിന്റെ ഭാവി വെല്ലുവിളി നേരിടുമ്പോള്‍ നിഷേധാത്മക നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
പാവപ്പെട്ടവരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന പ്രവര്‍ത്തനമാണിത്. യുഡിഎഫ് നേരത്തെയും ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചിട്ടുണ്ട്. ലോക കേരള സഭയില്‍ നിന്നും വിട്ട് നിന്നു. പ്രളയ പുനരധിവാസത്തിലും പ്രതിപക്ഷം മാറി നിന്നു. നിക്ഷേപ സംഗമം നടത്തിയപ്പോഴും പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. ഇതെന്തൊരു മനോഭാവം? നാടിനോടും നാടിന്റെ ഭാവിയോടുമാണ് ഈ ക്രൂരത യുഡിഎഫ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ ലൈഫ് പദ്ധതി പ്രകാരം 97 ശതമാനം വീടുകള്‍ പൂര്‍ത്തിയായി. ശേഷിച്ചവര്‍ അവരുടെ കുടുംബപരമായ പ്രശ്‌നങ്ങളോ, ഭൂമി സംബന്ധമായ പ്രശ്‌നങ്ങളോ നേരിടുന്നവരാണ്. ഈ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ സാധ്യമായ രീതിയിലെല്ലാം ഇടപെട്ടതാണ്. സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണാന്‍ സാധിക്കാത്തവയുടെ പൂര്‍ത്തീകരണമാണ് അവശേഷിക്കുന്നത്. അത് ലൈഫ് മിഷന്റെ ദൗര്‍ബല്യമല്ല, അവരുടെ സ്ഥലത്തിന്റെ പ്രത്യേക പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം ഘട്ടം 1,62,000 വീടുകള്‍ പൂര്‍ത്തീകരിക്കാനായി. 5851 കോടിയില്‍ പരം രൂപയാണ് ഇതിനായി ചിലവഴിച്ചത്.
ലൈഫ് പദ്ധതി ശുദ്ധതട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ വച്ചു നല്‍കാത്ത വീടുകളും പട്ടികയില്‍ ഉള്‍പ്പെടുത്തി. തദ്ദേശഫണ്ടും, കേന്ദ്രഫണ്ടും വായ്പയും ഉപയോഗിച്ചാണ് ഭൂരിഭാഗവും വീടുകള്‍ നിര്‍മിച്ചത്. ഒരു ലക്ഷം രൂപയാണ് ഒരു വീടിനായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഈ തുക പൂര്‍ണമായി നല്‍കാനും സര്‍ക്കാര്‍ തയാറായില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ലൈഫ് മിഷന്‍ പദ്ധതിയുടെ പേരില്‍ ആഘോഷം നടത്തി മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. പദ്ധതി ചെലവില്‍ ഒരു വീടിനു അന്‍പതിനായിരം രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതം. ബാക്കി കേന്ദ്രത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും വിഹിതമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Also Read മണികണ്ഠന്‍റെ സ്വപ്നം യാഥാർഥ്യമായി: തന്റെ വലിയ ആരാധകനെ കാണാൻ ഒടുവിൽ മുഖ്യമന്ത്രി നേരിട്ടെത്തി