Also Read- ഉപതിരഞ്ഞെടുപ്പുകൾ വേണ്ട; തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കും; സർവകക്ഷി യോഗത്തിൽ ധാരണ
തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ ഇന്നലെ ചേർന്ന സർവകക്ഷിയോഗമാണ് തീരുമാനിച്ചത്. വൈകാതെ ഇക്കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. അതിനു ശേഷമാകും ഔദ്യോഗിക ചർച്ചകൾ. തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതിനോട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും എതിർപ്പില്ലെന്നാണ് സൂചന. ഡിസംബറിൽ തിരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും മാനദണ്ഡങ്ങളും ചർച്ചചെയ്യും.
advertisement
വോട്ടെടുപ്പ് സമയം ദീർഘിപ്പിക്കൽ, തപാൽ വോട്ട് , പ്രോക്സി വോട്ട് എന്നിവയുടെ കാര്യത്തിലും ചർച്ചകൾ നടക്കും. നവംബർ 11 ന് നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിനാൽ ഓർഡിനൻസിലൂടെ കാലാവധി നീട്ടി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഇതിൽ ഭരണഘടനാപരമായ തടസ്സങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
അഞ്ചു വർഷത്തേക്കാണ് തദ്ദേശസ്ഥാപന ഭരണസമിതികളുടെ കാലാവധി. അതു ദീർഘിപ്പിക്കാൻ സംസ്ഥാനത്തിന് മാത്രമായി കഴിയില്ല. പാർലമെൻ്റിൻ്റെ അനുമതി വേണ്ടിവരുമെന്നും വിലയിരുത്തലുണ്ട്. അങ്ങനെ വന്നാൽ നവംബർ 12 നു ശേഷം ഒരു മാസമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകും. ആറു മാസം വരെ ഇത്തരത്തിൽ ഉദ്യോഗസ്ഥ ഭരണം ഏർപ്പെടുത്താൻ വ്യവസ്ഥയുണ്ട്. എന്നാൽ ഒരു മാസത്തിൽ കൂടുതൽ ഭരണസമിതിയുടെ കാലാവധി നീട്ടാനോ ഉദ്യോഗസ്ഥ ഭരണത്തിനോ സർക്കാർ തയാറാകില്ല.