സൗമിനി ജെയിന് തൃപ്പൂണിത്തുറയുമായി ബന്ധമില്ലെന്നും രാജിവച്ചവര്‍ ആരോപിച്ചു. കെ ബാബുവിനെ മത്സരിപ്പിച്ചില്ലെങ്കിൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറിമാർ. ഡിസിസി ജനറൽ സെക്രട്ടറിമാരായ ആർ വേണുഗോപാൽ, പി കെ സുരേഷ് എന്നിവർ രാവിലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
മുൻ എംഎൽഎ എന്ന നിലയിൽ ബാബുവാണ് സ്വീകാര്യനെന്നും സൗമിനി ജെയിന് തൃപ്പൂണിത്തുറയുമായി ബന്ധമില്ലെന്നും ഡിസിസി ജനറൽ സെക്രട്ടറിമാർ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ വളർച്ചയാണ് തൃപ്പൂണിത്തുറയിൽ കോൺഗ്രസ് ഭയക്കുന്നതെന്നും സ്വരാജിനെ പാർട്ടിക്ക് പേടിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
advertisement
ഇരിക്കൂര്‍ മണ്ഡലത്തിലും സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. കാലങ്ങളായി എ ഗ്രൂപ്പിന്റെ കൈയിലുള്ള ഇരിക്കൂര്‍ സീറ്റില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെ തഴഞ്ഞ് സജീവ് ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്. ശ്രീകണ്ഠപുരത്ത് എ ഗ്രൂപ്പുകാര്‍ രാപ്പകല്‍ സമരത്തിലേക്ക് നീങ്ങുകയാണ്. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുമാര്‍ അടക്കമുള്ള പ്രധാന നേതാക്കളെല്ലാം രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കും. എ ഗ്രൂപ്പിന്റെ കൈയിലുള്ള ഇരിക്കൂര്‍ ഐ ഗ്രൂപ്പിന് വിട്ടുനല്‍കില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഇടപെട്ടാണ് സോണി സെബാസ്റ്റ്യന്റെ പേര് അട്ടിമറിച്ചതെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. സജീവ് ജോസഫാണ് സ്ഥാനാർഥിയെന്ന വാർത്ത പുറത്തുവന്നതോടെ വ്യാഴാഴ്ച വൈകീട്ട് ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ് ഓഫീസ് എ ഗ്രൂപ്പുകാര്‍ താഴിട്ടുപൂട്ടി കരിങ്കൊടി കുത്തിയിരുന്നു. സജീവിനെതിരെ വ്യാപകമായി പോസ്റ്ററും ഓഫീസിന് മുന്നില്‍ പതിച്ചിരുന്നു. തുടര്‍ന്ന് കെ.സി.ജോസഫ് എം.എല്‍.എ. അടക്കമുള്ള നേതാക്കള്‍ ഇടപെട്ടാണ് വെള്ളിയാഴ്ച ഓഫീസ് തുറന്നത്.
Also Read പ്രകടന പത്രിക പുറത്തുവിട്ട് ഡിഎംകെ, തമിഴ്നാട്ടിൽ 75 ശതമാനം ജോലികൾ സ്വദേശികൾക്ക് നൽകുമെന്ന് വാഗ്ദാനം
ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടർന്ന് മലമ്പുഴ സീറ്റ് വേണ്ടെന്ന് ഭാരതീയ നാഷണല്‍ ജനതാ ദള്ളും പ്രഖ്യാപിച്ചിട്ടുൻണ്ട്. എലത്തൂര്‍ സീറ്റാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. അത് ലഭിച്ചാല്‍ മത്സരിക്കുമെന്നും ഭാരതീയ നാഷണല്‍ ജനതാദള്‍ അറിയിച്ചു. തൃശ്ശൂരില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.
ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ ജോണ്‍ ജോണിനെയാണ് ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. മലമ്പുഴ ഘടകകക്ഷിയായ ജനതാദളിന് നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധമുണ്ടായി. ഡിസിസി ഭാരവാഹികളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. അതേ സമയം മലമ്പുഴ വേണ്ടെന്ന് തങ്ങള്‍ ആദ്യമേ പറഞ്ഞതാണെന്ന് ജോണ്‍ ജോണ്‍ പറഞ്ഞു. എലത്തൂരാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. മാണി സി.കാപ്പന് എലത്തൂര്‍ നല്‍കണമെന്ന് പറഞ്ഞപ്പോഴാണ് മലമ്പുഴയിലേക്ക് മാറിയതെന്നും അദ്ദേഹം പ്രതികരിച്ചു.
മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കിയതിലും കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാണ്. രക്തസാക്ഷി ഷുഹൈബിന്റെ മണ്ഡലം പാര്‍ട്ടി ഏറ്റെടുക്കണമെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. മട്ടന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണമെന്ന നിലപാടിലായിരുന്നു ജില്ലാ നേതൃത്വവും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കല്ലാതെ വോട്ട് നല്‍കില്ലെന്ന നിലപാടില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉറച്ച് നില്‍ക്കുന്നു. പ്രാദേശിക വികാരം മാനിക്കാതെ മണ്ഡലം ഏകപക്ഷീയമായി ആര്‍എസ്പിക്ക് നല്‍കിയെന്നും ആക്ഷേപമുണ്ട്. മട്ടന്നൂര്‍ ഘടകകക്ഷിക്ക് നല്‍കുന്നതിലുള്ള എതിര്‍പ്പ് ഡിസിസി നേതൃത്വം നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. തീരുമാനത്തില്‍ ഷൂഹൈബിന്റെ കുടുംബത്തിനും അമര്‍ഷമുണ്ടെന്നാണ് സൂചന. ആര്‍എസ്പി കേന്ദ്ര കമ്മിറ്റി അംഗവും, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ഇല്ലിക്കല്‍ അഗസ്തിയാണ് മട്ടന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി.