അച്ഛന്‍റെയും അമ്മയുടെയും മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജന്‍റെയും അമ്പിളിയുടെയും മക്കളും പരാതി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ 22നാണ് കേരളത്തെ ഞെട്ടിച്ച ദാരുണസംഭവം അരങ്ങേറിയത്. കോടതി ഉത്തരവനുസരിച്ച് വീടൊഴിപ്പിക്കാനെത്തിയ പൊലീസുകാർക്ക് മുന്നില്‍ വച്ച് ദമ്പതികൾ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജൻ(47), ഭാര്യ അമ്പിളി എന്നിവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും വൈകാതെ മരണത്തിന് കീഴടങ്ങി.
advertisement
രാജന്റെ അയൽവാസിയായ സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി പൊലീസ് കുടിയൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോയെന്നാണ് ആരോപണം. കോടതി ജനുവരി നാലാം തീയതി വരെ സാവകാശം നല്‍കികൊണ്ട് മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായി പോലീസ് കുടിയൊഴിപ്പിക്കലിനെത്തുകയായിരുന്നു എന്നും പറയപ്പെടുന്നു. ഇത് തടയാനായി ആത്മഹത്യ ഭീഷണി മുഴക്കുമ്പോഴാണ് രാജനും ഭാര്യയ്ക്കും പൊള്ളലേറ്റത്.
ഏറെ വിവാദം ഉയർത്തിയ സംഭവത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
