പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീഗില്‍ പ്രതിഷേധം പുകയുകയാണ്. പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ പരസ്യ പ്രതികരണം വന്നു. തീരുമാനം നിരാശാജനകമാണെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി തങ്ങള്‍ തുറന്നടിച്ചു.
advertisement
തീരുമാനം നിരാശാജനകമാണ്. പ്രവര്‍ത്തകര്‍ മറുപടി പറയാന്‍ കഴിയാതെ പ്രതിസന്ധിയിലാണ്. തീരുമാനം പുനപരിശോധിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹം. ലീഗ് മുന്നേറ്റം നടത്തുന്ന കാലമാണ്. ആറുമാസം കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കേണ്ട സമയത്തിലാണ് ഇത്തരമൊരു തീരുമാനം വന്നത്. ഇത് വേദനയുണ്ടാക്കുന്നതാണ് നേതൃത്വം തിരുത്തണം. ഇതാണ്. മുഈനലി തങ്ങളുടെ പോസ്റ്റ്.
മലപ്പുറം വാഴക്കാട് പഞ്ചായത്ത് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനത്തിലുള്ള പ്രതിഷേധം മേല്‍ക്കമ്മിറ്റിയെ അറിയിച്ചു. മണ്ഡലം കമ്മിറ്റിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പതിമൂന്ന് അംഗങ്ങള്‍ തീരുമാനിച്ചു. ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ നാട്ടിലാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വിഷയം പരിഹരിക്കാന്‍ ഇ.ടി യുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി യോഗം വിളിക്കാതെയാണ് തീരുമാനമെടുത്തതെന്ന് യൂത്ത് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി.
തീരുമാനത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് നേതാവും ഫറോഖ് കോളജ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഹഫ്‌സമോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തുവന്നു. കുഞ്ഞാലിക്കുട്ടി തിരിച്ചുവരാനുള്ള തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ പാണക്കാട് തങ്ങളുടെ സാന്നിധ്യമില്ലാതിരുന്നത് അതൃപ്തി കാരണമാണെന്ന് മന്ത്രി കെ.ടി ജലീല്‍ ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് ലീഗിന്റെ അഭ്യന്തര കാര്യമാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പ്രതികരിച്ചു.
ബി.ജെ.പിയെ നേരിടാന്‍ പോയി പരാജയപ്പെട്ടുവന്നും പി.കെ കുഞ്ഞാലിക്കുട്ടിക്ക് അധികാരമോഹമാണെന്നും ഉയരുന്ന വിമര്‍ശനമാണ് പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കുന്നത്. പ്രതിഷേധം വരുംദിവസങ്ങളിലും തുടരുകയാണെങ്കില്‍ ലീഗ് നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നത് കാത്തിരുന്ന കാണണം.
