കേരളത്തിലുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി നല്‍കിയതും രവി പൂജാരിയുടെ ഇന്റലിജന്‍സ് സംഘമാണ്. കള്ളപ്പണമടക്കം സൂക്ഷിക്കുന്നവരുടെ സുഹൃത്ത് വലയത്തില്‍ കയറി വിവരം ചോര്‍ത്തിയ ശേഷം ഇടനിലക്കാര്‍ രവി പൂജാരിയിലേക്ക് എത്തിക്കുകയായിരുന്നു. രവി പൂജാരിയുടെ പേരില്‍ ഫോണ്‍ വരുമ്പോള്‍ പലരും പണം കൈമാറിയിരുന്നു. കാസര്‍കോട്ടെ മോനായി എന്ന സംഘാംഗമാണ് ഇത്തരം വിവരങ്ങള്‍ കൂടുതലായി എത്തിച്ചത്. ഈ കേസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.
advertisement
കാസര്‍കോട് സ്വദേശി മോനായിയാണ് കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് ചുക്കാന്‍ പിടിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാളാണ് വിവരങ്ങള്‍ രവി പൂജാരിക്ക് കൈമാറിയത്. അന്വേഷണസംഘം തെരച്ചില്‍ ആരംഭിച്ചതോടെ മോനായി ഗള്‍ഫിലേക്ക് കടന്നു. ലീനയുടെ സുഹൃത്തായ കൊല്ലം സ്വദേശി ഡോക്ടര്‍ അജാസും അറസ്റ്റ് ഭയന്ന് ഗള്‍ഫിലേക്ക് പോയതായാണ് വിവരം. ഇരുവരെയും കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് .
സാധാരണ ഭീഷണി സന്ദേശം ലഭിക്കുന്നവര്‍ കള്ളപ്പണത്തിലെ ഒരു പങ്ക് ആരുമറിയാതെ കൈമാറുകയാണ് പതിവ്. എന്നാല്‍ ലീന മരിയപോള്‍ അതിന് തയ്യാറായില്ല. ഇതേ തുടന്നാണ് മോനായി ആലുവ സ്വദേശി ബിലാല്‍, കടവന്ത്രയിലെ വിപിന്‍ വര്‍ഗീസ് എന്നിവര്‍ക്ക് ലീന മരിയ പോളിനെ ഭയപ്പെടുത്താനുള്ള ക്വട്ടേഷന്‍ നല്‍കിയത്. കാസര്‍കോട്ടെയും എറണാകുളത്തെയും ഗുണ്ടാ സംഘം ഇതിന് ചുക്കാന്‍ പിടിച്ചു.
രവി പൂജാരി ഉപയോഗിച്ച വിദേശ നമ്പറുകളുടെ വിശദാംശങ്ങളടക്കം ശേഖരിച്ച് പോലീസ് പരിശോധന തുടങ്ങി. കാസര്‍കോട്ടെ വ്യവസായിയുടെ മരണത്തില്‍ രവി പൂജാരിയുടെ പങ്ക് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. മറ്റ് കേസുകളില്‍ രവിപൂജാരിയെ ബന്ധിപ്പിക്കാന്‍ തെളിവുകള്‍ ഇല്ല. ചൊവ്വാഴ്ച രവി പൂജാരിയുടെ കസ്റ്റഡി കാലാവധി കഴിയും. എന്നാല്‍ തല്‍ക്കാലം കസ്റ്റഡി നീട്ടി ചോദിക്കണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരം ചോര്‍ന്ന സംഭവത്തില്‍ വ്യക്തതയുണ്ടാകാന്‍ നടിയെ ഓണ്‍ലൈന്‍ ആയി ചോദ്യം ചെയ്തു.
