• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുട്ടില്‍മരംമുറിക്കേസില്‍ ആരോപണവിധേയനായ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങൾ; എന്‍ ടി സാജനെ സംരക്ഷിക്കുന്നതാര്?

മുട്ടില്‍മരംമുറിക്കേസില്‍ ആരോപണവിധേയനായ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങൾ; എന്‍ ടി സാജനെ സംരക്ഷിക്കുന്നതാര്?

കേസില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുകയും താന്‍ വഴങ്ങാതെ വന്നപ്പോള്‍ സാജന്‍ മാനസികമായി പീഢിപ്പിച്ചെന്ന് കാണിച്ച് രണ്ടരമാസം മുമ്പാണ് സമീര്‍ വനംവകുപ്പ് മേധാവിക്ക് പരാതി നല്‍കിയത്. കടുത്ത ഭീഷണിയെത്തുടര്‍ന്ന് താന്‍ ദിവസങ്ങളോളം അവധിയില്‍ പ്രവേശിക്കേണ്ടി വന്നെന്നും സമീര്‍ ചീഫ് പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അയച്ച കത്തിലുണ്ട്.

News18 Malayalam

News18 Malayalam

  • Share this:
    കോഴിക്കോട്: വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം കണ്‍സര്‍വേറ്ററുടെ ഇടപെടലിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജന്‍ നീക്കം നടത്തിയെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ വനംവകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിന്നാലെ കേസ് പ്രതികള്‍ക്ക് അനുകൂലമാക്കാന്‍ സാജന്‍ ശ്രമിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനും മേപ്പാടി റെയ്ഞ്ച് ഓഫീസറുമായ എം കെ സമീറിന്റെ പരാതിയും പുറത്തുവന്നു. കേസില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുകയും താന്‍ വഴങ്ങാതെ വന്നപ്പോള്‍ സാജന്‍ മാനസികമായി പീഢിപ്പിച്ചെന്ന് കാണിച്ച് രണ്ടരമാസം മുമ്പാണ് സമീര്‍ വനംവകുപ്പ് മേധാവിക്ക് പരാതി നല്‍കിയത്. കടുത്ത ഭീഷണിയെത്തുടര്‍ന്ന് താന്‍ ദിവസങ്ങളോളം അവധിയില്‍ പ്രവേശിക്കേണ്ടി വന്നെന്നും സമീര്‍ ചീഫ് പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അയച്ച കത്തിലുണ്ട്.

    തന്റെ വാഹനത്തിന്റെ ഡ്രൈവറായ ശ്രീകാന്തിനെ ഒരു സംഘം ഭീഷണിപ്പെടുത്തി മണിക്കുന്ന് മല മരം മുറി കേസില്‍ മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ക്ക് ബന്ധമുണ്ടെന്ന് മൊഴി നനല്‍കാന്‍ നിര്‍ബന്ധിച്ചെന്നും സമീറിന്റെ കത്തില്‍ പറയുന്നു. പരാതി വനംവകുപ്പ് ആസ്ഥാന പൂഴ്ത്തിയതായാണ് ആരോപണം.
    തുടര്‍നടപടികളൊന്നുമുണ്ടായില്ല. സമീറിന്റെ പരാതിയുടെ പകര്‍പ്പ് ന്യൂസ് 18 കേരളം പുറത്തുവിട്ടതോടെ വനമന്ത്രി എ കെ ശശീന്ദ്രന്‍ വനംവകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് നടപടിയുണ്ടാകുമെന്ന് വനംമന്ത്രി വ്യക്തമാക്കി.

    Also Read  സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 227 മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 14,672 പേർക്ക്

    പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപം. മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല. പ്രതികള്‍ ഒളിവിലാണെന്നാണ് വനംവകുപ്പ് മറുപടി. കേസിലെ പ്രധാന പ്രതികളായ റോജി അഗസ്റ്റിന്‍ വനംമന്ത്രിയെ കാണാന്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയതായി സൂചനയുണ്ട്.

    Also Read 'ഡോക്ടർമാരുടെ സംഘടനയെ മതപ്രചാരണത്തിന് ഉപയോഗിക്കരുത്'; ഐ.എം.എ പ്രസിഡന്റിനോട് ഡൽഹി കോടതി

    മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന് മുറിച്ചുകടത്തിയ 202ക്യുബിക് മീറ്റര്‍ ഈട്ടിത്തടികളാണ് പിടികൂടിയത്. മൊത്തം 505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. കേസില്‍ ഒരാളെപോലും രണ്ട് മാസത്തിനിടെ പിടികൂടാന്‍ കഴിയാത്തതിന് കാരണം ഉന്നത ഇടപെടലാണെന്ന് ആരോപണമുണ്ട്.

    മുട്ടില്‍ മരംമുറിക്കേസിലെ മന്ദഗതിയിലിലായിരുന്ന അന്വേഷണത്തിന് പ്രതിപക്ഷം ഏറ്റെടുത്തതോടെ ജീവന്‍ വച്ചിട്ടുണ്ട്. വനംമന്ത്രി‍ ഉന്നതയോഗം വിളിച്ചിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ വനംവകുപ്പിലെ ഉന്നതരുടെ യോഗത്തില്‍ തീരുമാനിച്ചു. കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരംമുറി സംബന്ധിച്ച റിപ്പോര്‍ട്ട് വയനാട് ജില്ലാ കളക്ടര്‍ റവന്യുമന്ത്രിക്ക് കൈമാറി. എന്നാൽ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മരംമുറിക്ക് പിന്നില്‍ വനംവകുപ്പിലെ ചിലരും മരംമാഫിയയുമാണെന്ന് എന്‍ ടി സാജന്‍ ന്യൂസ് 18നോട് പറഞ്ഞു.

    മേപ്പാടി റെയ്ഞ്ചിന് കീഴിലെ മരംമുറിയുമായി ബന്ധപ്പെട്ട് അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായ വനപാലകര്‍ക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല.കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകര്‍ക്ക് മരംമുറിയ്ക്കാമെന്ന ഉത്തരവിന്റെ മറവിലാണ് 15 കോടിയുടെ ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്.

    ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയെന്ന് ആരോപണവിധേയനായ ഉന്നത ഉദ്യോഗസ്ഥനനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു.

    പരിസ്ഥിതി ദിനത്തിലെ സംസ്ഥാന മരത്തൈ നടീല്‍ ചടങ്ങില്‍ മന്ത്രിക്കൊപ്പം സാജനുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. എന്നാലിക്കാര്യത്തില്‍ പ്രതികരിക്കാന്‍ മന്ത്രി തയ്യാറായിരുന്നില്ല. സാജനെ മാറ്റിനിര്‍ത്തി അന്വേഷണം തുടരണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്.

    എംഎല്‍എമാരായ ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ മരംമുറി നടന്ന മുട്ടില്‍ വില്ലേജില്‍ സന്ദര്‍ശനം നടത്തി.
    Published by:Aneesh Anirudhan
    First published: