ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രീയ സംഘടനയാണെന്ന് ഉമര്‍ ഫൈസി ആരോപിക്കുന്നു. ഇസ്ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണെന്നാണ് ജമാഅത്ത് വിശ്വസിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നീക്കം സ്വയം കുളം തോണ്ടുന്നത് സമാനമാണ്. തീവ്രവാദികള്‍ക്ക് മുഖ്യധാരയിലേക്ക് വരാന്‍ മുസ്ലിം ലീഗ് കളമൊരുക്കുകയാണെന്നും ഉമര്‍ ഫൈസി മുക്കം ലേഖനത്തില്‍ വ്യക്തമാക്കുന്നു.
'ജമാഅത്തെ ഇസ്ലാമി അന്തര്‍ദേശീയ മാനമുള്ള മത, രാഷ്ട്രീയ സംഘടനയാണ്. ഇസ്ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണ് എന്ന് വ്യാജമായി പ്രചരിപ്പിച്ചവരാണവര്‍. ഇസ്ലാം ഒരു സമ്പൂര്‍ണ, സമഗ്ര പ്രത്യയശാസ്ത്രം എന്ന നിലയ്ക്ക് രാഷ്ട്രീയം അതിന്റെ തിയറിക്ക് പുറത്തല്ല. അടിസ്ഥാന തത്ത്വശാസ്ത്രം ദുര്‍വ്യാഖ്യാനം ചെയ്തു മതമൗലികരാഷ്ട്രവാദം ഉയര്‍ത്തിക്കൊണ്ടുവന്നു വിശുദ്ധ ഇസ്ലാമിന്റെ സൗന്ദര്യം നഷ്ടപ്പെടുത്താന്‍ ഇക്കൂട്ടര്‍ ശ്രമിച്ചിട്ടുണ്ട്. ഭരണവും രാഷ്ട്രീയവും ലക്ഷ്യമാക്കുന്ന, ഇതര വിശ്വാസപ്രമാണങ്ങളോട് സഹിഷ്ണുത കാണിക്കാത്ത, വംശീയ, വര്‍ഗീയ ആശയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന തീവ്രരാഷ്ട്രീയ സംഘടനയാണ് ഇസ്ലാമെന്ന് വരുത്തിത്തീര്‍ക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിച്ചത്.'- ലേഖനത്തിൽ വിമർശിക്കുന്നു.
advertisement
TRENDING:COVAXIN™️:കൊറോണ വൈറസിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത മരുന്നിനെ കുറിച്ച് അറിയാം [NEWS]PM Modi Speech | 80 കോടി ജനങ്ങൾക്ക് നവംബർ അവസാനം വരെ സൗജന്യ ഭക്ഷ്യധാന്യം; പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണരൂപത്തിൽ [NEWS] TikTok Ban |ശിൽപ്പഷെട്ടി മുതൽ റിതേഷ്ദേശ്മുഖ് വരെ; ടിക്ടോക്കിൽ താരങ്ങളായ ബോളിവുഡ് സെലിബ്രിറ്റികൾ [NEWS]
'വിശുദ്ധ ഇസ്ലാമിന്റെ മിതവാദ സമീപനങ്ങള്‍ക്ക് ചെവിയും ബുദ്ധിയും കൊടുക്കാതെ ഭരണാന്ധത ബാധിച്ച ആശയ ദാരിദ്ര്യമാണ് ജമാഅത്തെ ഇസ്ലാമിയുടെ സഞ്ചിയിലുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടന എസ്.ഐ.ഒയുടെ ആശയ അടിവേര് സിയോണിസത്തിലാണെന്ന് ദീര്‍ഘദൃഷ്ടിയുള്ള പണ്ഡിതന്‍ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ കോഴിക്കോട് നഗരത്തില്‍ ഒരു മഹാ സമ്മേളനത്തില്‍ പരസ്യമായി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇസ്ലാമിന്റെ സൗന്ദര്യ ആവിഷ്‌കാരം അസാധ്യമാക്കുകയും മുസ്ലിംകളെ ഇരകളാക്കി ഒരുക്കിനിര്‍ത്തി, സാമ്രാജ്യത്വശക്തികള്‍ക്ക് വേട്ടയാടി നശിപ്പിക്കാന്‍ പാകപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. രാഷ്ട്രീയ ഭൂമികയുടെ സാധ്യതകളും സാവധാനം ഇവര്‍ ഇല്ലാതാക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ചട്ടുകമാണ് വെല്‍ഫെയര്‍ പാര്‍ട്ടി. അവരുമായി നടത്തുന്ന ഏത് നീക്കുപോക്കുകളും സ്വയം കുളംതോണ്ടുന്നതിന് തുല്യമാണ്.'- ലേഖനത്തില്‍ ഉമര്‍ ഫൈസി വ്യക്തമാക്കുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള നീക്കം കേരളത്തിന്റെ രാഷ്ട്രീയ സമതുലിതാവസ്ഥകളെ അലോസരപ്പെടുത്തുന്നതാണ്. മുസ്ലിം ലീഗ് പോലെ പൊതുസമൂഹത്തിന് സ്വീകാര്യതയുള്ള ഒരു സംഘടന ഇത്തരമൊരു നീക്കത്തിന് മുതിരരുത്. ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്തയുടെ മുന്‍കാല നേതാവ് ഇ.കെ അബൂബക്കര്‍ മുസ്ല്യാര്‍ സ്വീകരിച്ച നിലപാട് എടുത്ത് പറഞ്ഞാണ് ഉമര്‍ഫൈസി മുസ്ലിം ലീഗ് നീക്കത്തെ എതിര്‍ക്കുന്നത്. ഇത് സംഘപരിവാരത്തിന് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതാണെന്നും ലേഖനത്തില്‍ ഉമര്‍ ഫൈസി കുറ്റപ്പെടുത്തുന്നു.
' ഹകുമത്തെ ഇലാഹി എന്ന പേരില്‍ ഇസ്ലാമിക ഭരണ സങ്കല്‍പ്പത്തിലാണ് ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നത്. ജനാധിപത്യത്തില്‍ അവര്‍ വിശ്വസിച്ചിരുന്നില്ല. സര്‍ക്കാര്‍ ജോലി പോലും സ്വീകരിക്കുന്നത് അവര്‍ എതിര്‍ത്തിരുന്നു. ഇങ്ങിനെയുള്ള പാര്‍ട്ടിയുമായി എങ്ങിനെയാണ് മുസ്ലിം ലീഗിന് ധാരണയുണ്ടാക്കാന്‍ കഴിയുക. പൊതു രാഷ്ട്രീയത്തില്‍ ഇടപെട്ട് അവര്‍ മുസ്ലിം സംഘടനകളിലും അസ്വസ്ഥതയുണ്ടാക്കും. വെല്‍ഫെയര്‍ ബന്ധം ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിനെ എതിര്‍ക്കുന്ന സി.പി.എമ്മിനുള്ള ആയുധം കൂടിയാണ് സമസ്ത നേതാവിന്റെ നിലപാട് പ്രഖ്യാപനം. ലേഖനത്തിലൂടെ മുസ്ലിം ലീഗിന് മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമായി തുറന്ന പോരിനാണ് സമസ്ത വാതില്‍ തുറന്നിരിക്കുന്നത്.