PM Modi Speech | 80 കോടി ജനങ്ങൾക്ക് നവംബർ അവസാനം വരെ സൗജന്യ ഭക്ഷ്യധാന്യം; പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണരൂപത്തിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന ലക്ഷ്യത്തിലേയ്ക്ക് രാജ്യം നടന്നടുക്കുകയാണെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ അവസാനം വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബർ വരെ ഭക്ഷ്യധാന്യം സൗജന്യമാണ്. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന ലക്ഷ്യത്തിലേയ്ക്ക് രാജ്യം നടന്നടുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം ഘട്ട ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം പൂർണരൂപത്തിൽ.
എന്റെ പ്രിയപ്പെട്ട രാജ്യവാസികളെ, നമസ്‌കാരം,
കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നാം ഇപ്പോള്‍ അണ്‍ലോക്ക്-രണ്ടിലേക്ക് പ്രവേശിക്കുന്നു. ചുമ, ജലദോഷം, പനി എന്നിവ വര്‍ദ്ധിക്കുന്ന കാലത്തേക്കും പ്രവേശിക്കുന്നു. അതിനാല്‍, സ്വന്തം നിലയില്‍ത്തന്നെ പ്രത്യേകം ശ്രദ്ധിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ, കൊറോണയുടെ മരണനിരക്കിന്റെ കാര്യത്തില്‍ ലോകത്തിലെ പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. ലോക്ക്ഡൗണ്‍ സമയബന്ധിതമായി നടപ്പാക്കിയതും മറ്റ് തീരുമാനങ്ങളും ലക്ഷക്കണക്കിന് ജീവന്‍ രക്ഷിച്ചു. അതേസമയം, അണ്‍ലോക്ക്-ഒന്നു മുതല്‍ വ്യക്തിപരവും സാമൂഹികവുമായ പെരുമാറ്റത്തില്‍ അശ്രദ്ധ വര്‍ദ്ധിച്ചുവരികയാണെന്നും കാണുന്നു. നേരത്തേ, മാസ്‌ക് ധരിക്കുന്നത്, ആളകലം പാലിക്കല്‍, 20 സെക്കന്‍ഡെങ്കിലും കൈ കഴുകല്‍ എന്നിവ സംബന്ധിച്ച് നമ്മള്‍ വളരെ ശ്രദ്ധാലുക്കളായിരുന്നു. എന്നാല്‍ ഇന്ന്, നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്, അശ്രദ്ധ വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു.
advertisement
TRENDING:തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പൊലീസുകാര്‍ക്കെതിരെ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി [NEWS]സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്; ഒരു മരണം, 75 പേര്‍ രോഗമുക്തരായി [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]
സുഹൃത്തുക്കളേ, ലോക്ക്ഡൗണ്‍ സമയത്ത് നിയമങ്ങള്‍ വളരെ കര്‍ശനമായി പാലിച്ചു. ഇപ്പോള്‍ സര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൗരന്മാരും സമാനമായ ജാഗ്രത കാണിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിയമങ്ങള്‍ പാലിക്കാത്തവരെ അതില്‍ നിന്നു പിന്തിരിപ്പിച്ചു ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങള്‍ വാര്‍ത്തയില്‍ കണ്ടിരിക്കണം, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഒരു ലക്ഷം രൂപ പിഴ. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 13,000 രൂപ. ഇന്ത്യയിലും പ്രാദേശിക ഭരണകൂടം അതേ ആവേശത്തോടെ പ്രവര്‍ത്തിക്കണം. 130 കോടി ഇന്ത്യക്കാരുടെ ജീവന്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനമാണിത്. ഒരു ഗ്രാമപ്രധാനി ആയാലും പ്രധാനമന്ത്രി ആയാലും ഇന്ത്യയില്‍ ആരും നിയമത്തിന് അതീതരല്ല
advertisement
സുഹൃത്തുക്കളേ, ലോക്ക്ഡൗണ്‍ സമയത്ത് രാജ്യത്തിന്റെ മുന്‍ഗണന, ആരും വിശപ്പില്ലെന്ന് ഉറപ്പാക്കലായിരുന്നു. ആരും വിശന്ന വയറോടെ ഉറങ്ങേണ്ടിവരുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര- സംസ്ഥാന സർക്കാരുകളും പൊതുസമൂഹവും പരമാവധി ശ്രദ്ധിച്ചു. രാജ്യമായാലും വ്യക്തിയായാലും സമയബന്ധിതവും വിവേകപൂര്‍ണ്ണവുമായ തീരുമാനങ്ങള്‍ ഏത് പ്രതിസന്ധിയെയും നേരിടാനുള്ള നമ്മുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. അങ്ങനെ, ലോക്ഡൗണ്‍ തുടങ്ങിയ ഉടന്‍ തന്നെ കേന്ദ്ര ഗവണ്‍മെന്റ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന കൊണ്ടുവന്നു. ഇതുപ്രകാരം 1.75 ലക്ഷം കോടി ദരിദ്രര്‍ക്കുള്ള പാക്കേജാണ് നടപ്പാക്കിയത്.
advertisement
സുഹൃത്തുക്കളേ, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 20 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് നേരിട്ടുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചു; 31,000 കോടി രൂപ. ഈ കാലയളവില്‍, 9 കോടിയിലധികം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 18,000 കോടി നിക്ഷേപിച്ചു. അതോടൊപ്പം, പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ ഗ്രാമീണ മേഖലയിലെ തൊഴിലിനായി വേഗത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്ര ഗവണ്‍മെന്റ് 50,000 കോടി രൂപയാണ് ഇതിനു ചെലവഴിക്കുന്നത്.
സുഹൃത്തുക്കളേ, ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ മറ്റൊരു വലിയ കാര്യമുണ്ട്. ഇന്ത്യയില്‍ 80 കോടിയിലധികം ആളുകള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കി. അതിനര്‍ത്ഥം, കുടുംബത്തിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം ഗോതമ്പോ അരിയോ സൗജന്യമായി നല്‍കി എന്നാണ്. കൂടാതെ, ഓരോ കുടുംബത്തിനും പ്രതിമാസം ഒരു കിലോഗ്രാം പയറും സൗജന്യമായി ലഭിച്ചു. ഒരു തരത്തില്‍ പറഞ്ഞാല്‍, അമേരിക്കയിലെ ജനസംഖ്യയുടെ 2.5 ഇരട്ടിയിലധികവും യുകെയിലെ ജനസംഖ്യയുടെ 12 ഇരട്ടിയും യൂറോപ്യന്‍ യൂണിയനിലെ ജനസംഖ്യയുടെ ഇരട്ടിയുമാണ് നമ്മുടെ സൗജന്യ റേഷന്റെ ഗുണഭോക്താക്കൾ.
advertisement
സുഹൃത്തുക്കളേ, ഇന്ന് ഞാന്‍ ഇതുമായി ബന്ധപ്പെട്ട ഒരു വലിയ പ്രഖ്യാപനം നടത്തുകയാണ്. സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത്, മഴക്കാലത്തും അതിനുശേഷവും കാര്‍ഷിക മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മറ്റ് മേഖലകളില്‍ കാര്യമായ പ്രവര്‍ത്തനമില്ല. ജൂലൈയില്‍ ഉത്സവ കാലത്തിനു തുടക്കം കുറിക്കുന്നു. ജൂലൈ 5 ഗുരുപൂര്‍ണിമയാണ്, തുടര്‍ന്ന് സാവന്‍ മാസം ആരംഭിക്കുന്നു, ഓഗസ്റ്റ് 15 വരുന്നു, രക്ഷാ ബന്ധന്‍, ശ്രീകൃഷ്ണ ജന്മഷ്ടമി, ഗണേഷ് ചതുര്‍ത്ഥി, ഓണം എന്നിവ തുടര്‍ന്നെത്തും. കതി ബിഹു, നവരാത്രി, ദുര്‍ഗ്ഗാ പൂജ, പിന്നെ ദസറ, ദീപാവലി, ഛാത്ത് എന്നിവ വരുന്നു. ഉത്സവ കാലത്ത് ആവശ്യകതകളും ചെലവും വര്‍ദ്ധിക്കുന്നു. ഇതെല്ലാം മനസ്സില്‍ വച്ചുകൊണ്ട് പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന ദീപാവലി, ഛാത്ത് പൂജ വരെ, നവംബര്‍ അവസാനം വരെ നീട്ടാന്‍ തീരുമാനിച്ചു.
advertisement
80 കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്ന ഈ പദ്ധതി ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തുടരും. 80 കോടി പാവപ്പെട്ട സഹോദരീസഹോദരന്മാര്‍ക്ക് അഞ്ച് മാസത്തേക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും. കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം ഗോതമ്പ് അല്ലെങ്കില്‍ അരി ലഭിക്കും. കൂടാതെ, ഓരോ കുടുംബത്തിനും പ്രതിമാസം ഒരു കിലോഗ്രാം പയറും സൗജന്യമായി ലഭിക്കും.
സുഹൃത്തുക്കളേ, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ ഈ വിപുലീകരണത്തിനായി 90 ആയിരം കോടി രൂപയാണു ചെലവഴിക്കുക. ഈ പദ്ധതിക്കായി കഴിഞ്ഞ മൂന്ന് മാസത്തെ ചെലവ് കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍, അത് ഏകദേശം 1.5 ലക്ഷം കോടി രൂപയാണ്.
advertisement
രാജ്യമെമ്പാടും നമ്മള്‍ ഒരു സ്വപ്നം കണ്ടു, ചില സംസ്ഥാനങ്ങള്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിച്ചു. മറ്റ് സംസ്ഥാനങ്ങളും ഇത് മുന്നോട്ട് കൊണ്ടുപോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍, ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്കൂടി നടപ്പാക്കുകയാണ്. ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍ തൊഴില്‍ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവരായിരിക്കും.
സുഹൃത്തുക്കളേ, ഇന്ന്, ആവശ്യക്കാര്‍ക്കും ദരിദ്രര്‍ക്കും സൗജന്യ റേഷന്‍ നല്‍കാന്‍ ഗവണ്‍മെന്റിനു കഴിയുമെങ്കില്‍, അതിന്റെ മെച്ചം രണ്ട് വിഭാഗങ്ങളിലേക്കാണ് പോകുന്നത്. ഒന്ന്, നമ്മുടെ രാജ്യത്തെ കഠിനാധ്വാനികളായ കര്‍ഷകര്‍. രണ്ടാമത് നമ്മുടെ രാജ്യത്തെ സത്യസന്ധരായ നികുതിദായകര്‍. ഇത് നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവുമാണ്, അതിനാലാണ് രാഷ്ട്രത്തിന് അത് ചെയ്യാന്‍ കഴിയുന്നത്. നിങ്ങള്‍ രാജ്യത്തിന്റെ ശേഖരങ്ങള്‍ നിറച്ചു, അതിനാല്‍ പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും അടുക്കളയില്‍ ഭക്ഷണമുണ്ട്. നിങ്ങള്‍ നികുതി സത്യസന്ധമായി അടച്ചു, നിങ്ങള്‍ നിങ്ങളുടെ കടമ നിറവേറ്റി. അതുകൊണ്ടാണ് രാജ്യത്തെ ദരിദ്രര്‍ ഇത്രയും വലിയ പ്രതിസന്ധിയെ വിജയകരമായി നേരിടുന്നത്. രാജ്യത്തെ എല്ലാ ദരിദ്രര്‍ക്കും വേണ്ടി, എല്ലാ നികുതിദായകര്‍ക്കും കൃഷിക്കാര്‍ക്കും ഞാന്‍ ആത്മാര്‍ത്ഥമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഞാന്‍ അവരെ അഭിവാദ്യം ചെയ്യുന്നു.
സുഹൃത്തുക്കളേ, വരും ദിവസങ്ങളില്‍, നാം നമ്മുടെ ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും സമൂഹത്തിലെ ദരിദ്രരും താഴ്ന്നവരും നിരാലംബരുമായ ജനവിഭാഗങ്ങളെ ശാക്തീകരിക്കാന്‍ നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്യും. എല്ലാ മുന്‍കരുതലുകളും എടുക്കുമ്പോള്‍, നാം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കും. ആത്മനിര്‍ഭര്‍ ഭാരതത്തിനായി നാം നിരന്തരം പ്രവര്‍ത്തിക്കും. നാമെല്ലാവരും നമ്മുടെ പ്രദേശത്തിനായി ശബ്ദമുയര്‍ത്തും. ഈ പ്രതിജ്ഞയും പ്രതിബദ്ധതയും ഉപയോഗിച്ച് ഈ രാജ്യത്തെ 130 കോടി ജനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഒരുമിച്ച് മുന്നോട്ട് പോകുകയും ചെയ്യും.
നിങ്ങള്‍ എല്ലാവരും ആരോഗ്യത്തോടെ കഴിയണമെന്നും രണ്ടടി ദൂരം നിലനിര്‍ത്തണമെന്നും എല്ലായ്പ്പോഴും തൂവാലയോ മാസ്‌കോ മുഖാവരണമോ ഉപയോഗിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ദയവായി, അശ്രദ്ധരായിരിക്കരുത്.
ഈ അഭ്യര്‍ത്ഥനയ്ക്കൊപ്പം, നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2020 11:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi Speech | 80 കോടി ജനങ്ങൾക്ക് നവംബർ അവസാനം വരെ സൗജന്യ ഭക്ഷ്യധാന്യം; പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണരൂപത്തിൽ