അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി നേരിട്ടപ്പോൾ മനോധൈര്യം കൈവിടാതെ പ്രവർത്തിച്ച പൈലറ്റുമാരാണ് വലിയൊരു അപകടം ഒഴിവാക്കിയത്. കോട്ടയം ചിറക്കടവ് സ്വദേശി ശിവകുമാർ, കുമരകം സ്വദേശി അശോക് കുമാർ എന്നിവരായിരുന്നു കഴിഞ്ഞ ദിവസം ഹെലികോപ്റ്ററിലെ പൈലറ്റുമാർ. 'റണ്ണിൻ എൻജിൻ നിലച്ചു. അഡീഷണൽ എഞ്ചിൻ പ്രവർത്തിപ്പിക്കാൻ നോക്കി. അത് വിജയിക്കാതെ വന്നതോടെ അടിയന്തിരമായി ലാൻഡ് ചെയ്യുകയായിരുന്നു' കോ പൈലറ്റ് ശിവകുമാർ പറയുന്നു. ആരുടെയും ജീവന് അപകടമില്ലാതെ ഹെലികോപ്ടർ നിലത്തിറക്കാൻ ശിവകുമാറിന് തുണയായത് എയർഫോഴ്‌സ് വിങ് കമാൻഡർ പദവിയിലൂടെ നേടിയ മനോധൈര്യമായിരുന്നു.
advertisement
എയർഫോഴ്‌സ് വിങ് കമാൻഡറായി വിരമിച്ച ശിവകുമാറാണ് ഇതേ ഹെലികോപ്ടർ യൂസഫലിക്കായി ഇറ്റലിയിൽ നിന്നും എത്തിച്ചതും. ചിറക്കടവ് എസ്.ആർ.വി. ജങ്ഷനിൽ കോയിപ്പുറത്ത് മഠത്തിൽ ഭാസ്കരൻ നായരുടെയും ഭവാനിയമ്മയുടെയും മകനാണ് കെ.ബി. ശിവകുമാർ. അപകടവാർത്ത ചാനലുകളിലൂടെ വന്നുകൊണ്ടിരിക്കുമ്പോൾ ശിവകുമാർ വീട്ടിലേക്കു വിളിച്ചിരുന്നു. പരിഭ്രമിക്കേണ്ടതില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു എന്നാണ് സഹോദരന്‍ പറയുന്നത്.
സീനിയർ പൈലറ്റായ ശിവകുമാറിനെ ക്യാപ്റ്റൻ എന്നാണ് വിളിച്ചിരുന്നത്. വിങ് കമാൻഡറായി വിരമിച്ച ശേഷം ന്യൂഡൽഹിയിൽ ഒരു സ്വകാര്യ വിമാനക്കമ്പനിയിൽ ജോലി ചെയ്തിരുന്നു. വിവിഐപിമാര്‍ക്കായി ഹെലികോപ്റ്ററുകൾ പറത്തുകയായിരുന്നു ദൗത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലാലു പ്രസാദ് യാദവ്, സോണിയ ഗാന്ധി എന്നിവരുടെ പൈലറ്റായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.യൂസഫലിയുടെ പൈലറ്റായി എത്തിയ ശേഷം താമസം കൊച്ചിയിക്ക് മാറ്റി.
കുമരകം അട്ടിപ്പീടിക പെരുമ്പള്ളിൽ പരേതനായ തങ്കപ്പന്‍ നായരുടെയും ലീലാവതിയുടെയും മകനാണ് ഒപ്പമുണ്ടായിരുന്ന പൈലറ്റ് അശോക് കുമാർ. മുൻ നേവി ഉദ്യോഗസ്ഥനായ ഇദ്ദേഹം ഒരുവർഷം മുമ്പാണ് കുടുംബസമേതം ആലുവയിലേക്ക് താമസം മാറിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. ഹെലികോപ്ടർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലെ ചടുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. എം.എ യുസഫലി ഉൾപ്പെടെയുള്ളവർ ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു.
ജനവാസ മേഖലയ്ക്കു മുകളിൽവച്ചാണ് ഹെലികോപ്ടറിന് തകരാർ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വൻ അപകടമൊഴിവായത്. ചതുപ്പില്‍ ഭാഗികമായി പൂന്തിയ നിലയിലായിരുന്നു ഹെലികോപ്ടർ.