ആളുകള്‍ കൂട്ടം കൂടുന്നതും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതും കര്‍ശനമായി നിയന്ത്രിക്കണം. കേരളത്തിലെ ഉത്സവകാലമാണിത്. പക്ഷേ മനുഷ്യജീവന് വില കല്‍പ്പിച്ചു കൊണ്ട് പൂരങ്ങള്‍ അടക്കമുള്ള ആഘോഷങ്ങള്‍ മാറ്റി വെക്കണം എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു.
ആഘോഷങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നു എന്ന് കഴിഞ്ഞ മാസത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്നും നാം മനസ്സിലാക്കിയിട്ടുള്ളതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പ്രത്യേകിച്ച് സാമൂഹിക അകലവും മാസ്‌ക് ശരിയായി ധരിക്കലും പാലിക്കാതെ ഇരിക്കുന്നിടത്തോളം രോഗവ്യാപനം രൂക്ഷമായി തുടരുകയും നിരവധി പേര്‍ രോഗബാധിതര്‍ ആവുകയും നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്യും.
advertisement
ആഘോഷങ്ങളില്‍ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ല എന്ന ബോധ്യം സര്‍ക്കാരിന് ഉണ്ടാകണം. സ്വന്തം പ്രജകളുടെ സുരക്ഷ ആഗ്രഹിക്കുന്ന ഏതൊരു ഭരണാധികാരിയും കര്‍ശന നിര്‍ദ്ദേശങ്ങള്‍ കൊടുത്തു കൊണ്ട് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് അടിയന്തരമായി ചെയ്യേണ്ടത്, ഈ വൈകിയ വേളയിലെങ്കിലും.
Ramadan 2021 | 'ഇത് ഞങ്ങളുടെ പതിനാലാമാത്തെ നോമ്പുകാലം'; റമദാൻ നോമ്പ് നോക്കി ലതിക സുഭാഷും ഭർത്താവും
ഒരു രോഗി പോസിറ്റീവ് ആയാല്‍ പത്തോ പതിനഞ്ചോ രോഗികള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകും. അത്തരത്തില്‍ നോക്കുമ്പോള്‍ ഇന്ന് ഉള്ളതിന്റെ ഇരട്ടി നാളെയും അതുപോലെ അടുത്ത ദിവസവും രോഗികളുടെ എണ്ണം വര്‍ദ്ധിക്കും. ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ കൂടുതല്‍ ആക്കി പോസിറ്റീവ് രോഗികളെ മാറ്റിപ്പാര്‍പ്പിക്കേണ്ടത് രോഗവ്യാപനം തടയാന്‍ അത്യന്താപേക്ഷിതമാണ്.
അസുഖബാധിതരായവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ ആശുപത്രികള്‍ നിറഞ്ഞു കവിയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരും. ഐ സി യു ബെഡ്ഡുകളും വെന്റിലേറ്റര്‍ സംവിധാനവും തികയാതെ വികസിത രാജ്യങ്ങളില്‍ ഉണ്ടായതു പോലെ മനുഷ്യജീവനുകള്‍ നിരത്തുകളില്‍ പൊലിയുന്ന അവസ്ഥ ഇവിടെ സംജാതമാകുന്നത് നമുക്ക് ഭീതിയോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കൂ. ഇതിന് ഇടവരുത്തരുത് എന്ന അപേക്ഷയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സര്‍ക്കാരിനോടും പൊതുജനങ്ങളോടും മുന്നോട്ടു വയ്ക്കാന്‍ ഉള്ളതെന്നും ഐ എം എ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
രോഗപ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ ആയുധം കോവിഡ് വാക്‌സിന്‍ എല്ലാ ജനങ്ങളിലേക്കും എത്തിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. അതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായേ മതിയാവൂ. എല്ലാവരും വാക്‌സിന്‍ എടുത്തു കൊണ്ട് ഈ യജ്ഞത്തില്‍ പങ്കാളികളാകുക. അതിജാഗ്രതയോടെ പെരുമാറിയാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാം എന്നുള്ള സത്യം നാം ഓര്‍ക്കുക. വിവേകപൂര്‍ണ്ണമായ നടപടികള്‍ ഉണ്ടാകും എന്നുള്ള ശുഭാപ്തി വിശ്വാസത്തോടെ, സ്വയം കര്‍ശന നിയന്ത്രണങ്ങള്‍ ഓരോരുത്തരും പാലിക്കണമെന്ന് ഒരിക്കല്‍കൂടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.