"കഴിഞ്ഞ അഞ്ചു വർഷക്കാലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എന്ന നിലയിൽ മാത്യൂസ് പെരുമനങ്ങാട് പൊതുജനത്തിന് ഉപകാരപ്രദമായ നിരവധി സേവന പ്രവർത്തനങ്ങളും പൊതുജന വികാരവും കണക്കിലെടുത്തുമാണ് ഇത്തരമൊരു തീരുമാനമെന്ന്" യു.ഡി.എഫ്.എലിക്കുളം മണ്ഡലം കമ്മറ്റി ചെയർമാർ ജോഷി കുഴിക്കാട്ടുതാഴെയും കൺവീനർ തോമാച്ചൻ പാലക്കുടിയും പ്രസ്താവനയിൽ അറിയിച്ചു.
എൻ.സി.പി.യുടെ നാലാം വാർഡ് വിട്ടുകൊടുത്തിട്ടും എൻ.സി.പി.നേതൃത്വം ആവശ്യപ്പെട്ട രണ്ടാം വാർഡ് കേരള കോൺഗ്രസ് ജോസ് വിഭാഗം സിറ്റിംഗ് സീറ്റെന്ന വാദം ഉന്നയിച്ച് കൈയ്യടക്കിയിരുന്നു. ഇതേ തുടർന്നാണ് നാലാം വാർഡ് അംഗവും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ മാത്യൂസ് പെരുമനങ്ങാട് വിമതനായി രംഗത്തെത്തിയത്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൻ്റെ യുവജന വിഭാഗം സംസ്ഥാന പ്രസിഡൻ്റ് സാജൻ തൊടുകയാണ് ഇടതു സ്ഥാനാർത്ഥി.
advertisement
എൻ.സി.പി.നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെ മത്സരിക്കുന്ന മാത്യൂസിൻ്റെ ചിഹ്നം ഫുട്ബോളാണ്. അരുൺ സി.മോഹൻ(ബി.ജെ.പി), രതീഷ് , റെജി ആയിലൂക്കുന്നേൽ എന്നിവരാണ് മറ്റുസ്ഥാനാർത്ഥികൾ.
സീറ്റുവിഭജനവേളയിൽ മണ്ഡലത്തിൽ എൻ.സി.പി.ആവശ്യപ്പെട്ട ഒരേയൊരു സീറ്റും എലിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡായിരുന്നു. എന്നാൽ സിറ്റിംഗ് സീറ്റുകളെല്ലാം നല്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി ജോസ് വിഭാഗം രണ്ടാം വാർഡ് സ്വന്തമാക്കുകയായിരുന്നു. ഇതിനിടയിലാണ് നാടകീയ നീക്കവുമായി യു.ഡി.എഫ്. രംഗത്തെത്തിയത്. ജോസഫ് വിഭാഗത്തിന് നല്കിയിരുന്ന ഈ സീറ്റ് ജോസഫ് വിഭാഗത്തിൻ്റെ സംസ്ഥാന നേതാവിൻ്റെ സഹോദരൻ ഉൾപ്പെടെ മത്സരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാന നിമിഷം സ്ഥാനാർത്ഥിയെ വേണ്ടെന്നു വെച്ചു.
പഞ്ചായത്തിൽ സിറ്റിംഗ് സീറ്റ് എന്ന ജോസ് വിഭാഗത്തിൻ്റെ ആവശ്യം നിയമസഭയിലും പാലിക്കണമെന്ന തന്ത്രമാകും എൻ.സി.പി.യുടെ സിറ്റിംഗ് സീറ്റായ പാലാ ലക്ഷ്യമിടുന്ന ജോസിനെതിരേ എൻ.സി.പിയും പ്രയോഗിക്കുക.
