ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത്
”എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽകോഡ് സെമിനാറിൽ പങ്കെടുക്കാത്തത് സാഹചര്യം വേറെയായിരുന്നത് കൊണ്ടാണ്. രാജ്യവ്യാപകമായി ഐക്യദാർഢ്യ റാലികൾ സംഘടിപ്പിക്കപ്പെടണം. ‘സ്വഭാവികമായിട്ടും വിളിക്കുകയാണെങ്കിൽ പോകാവുന്നതേയുള്ളൂ. ഞങ്ങളെ വിളിച്ചതായിട്ട് അറിയില്ല. നടക്കാൻ പോകുന്നതല്ലേയുള്ളൂ. ഇതുവരെ ക്ഷണം വന്നിട്ടില്ല. പാർട്ടി കൂടി ആലോചിച്ചിട്ടില്ല. പക്ഷേ പോകാവുന്നതേയുള്ളൂ. ഈ വിഷയത്തിൽ രാജ്യവ്യാപകമായി ചർച്ച നടക്കേണ്ടതുണ്ട്. ലോകത്തെ നടുക്കിയ സംഭവ വികാസങ്ങളാണ് ഉണ്ടായത്. ഓരോ ദിവസവും നമ്മൾ വായിച്ചു കൊണ്ടിരിക്കുന്നത് അതാണ്. അത് ഞാൻ വിശദീകരിക്കേണ്ട കാര്യമില്ല. ഇന്ത്യ എപ്പോഴും വേദന അനുഭവിക്കുന്നവരുടെ കൂടെ നിൽക്കുകയാണ് ഉണ്ടായത്. ആ പാരമ്പര്യത്തെ എല്ലാവരും കാത്തു സൂക്ഷിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാർ നിലപാടിനെ അപലപിക്കുകയാണ്”- ഇ ടി പറഞ്ഞു.
advertisement
കെ സുധാകരൻ പറഞ്ഞത്
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യറാലിയിൽ ക്ഷണിച്ചാൽ മുസ്ലിം ലീഗ് പങ്കെടുക്കുമെന്ന ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയെ കുറിച്ച് വ്യാഴാഴ്ച പത്തനംതിട്ടയിൽ മാധ്യമപ്രവർത്തരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ. ”യുഡിഎഫ് എടുത്ത തീരുമാനം എല്ലാവർക്കും ബാധകമാണ്. അത് അവിടെത്തന്നെയുണ്ട്. ഇപ്പോഴത്തെ പ്രതികരണം എന്താണെന്ന് അറിയില്ല. അതേക്കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ച് പ്രതികരിക്കാം. വരുന്ന ജന്മം പട്ടി ആണെങ്കിൽ ഇപ്പോഴേ കുരയ്ക്കണമോ”- സുധാകരൻ ചോദിച്ചു.
പിഎംഎ സലാം പറഞ്ഞത്
”എല്ലാവരും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഇത് പലതവണ പറഞ്ഞതാണ്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അത് പറഞ്ഞതെന്ന് അറിയില്ല. കോൺഗ്രസിന്റെയും യുഡിഎഫിന്റെ നേതൃത്വം അത് പരിശോധിക്കണം. പലസ്തീൻ വിഷയം ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്നമല്ല, മനുഷ്യാവകാശ പ്രശ്നമാണെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ല. ഇ ടി ഞങ്ങളുടെ മുതിർന്ന നേതാവാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ കൂടിയാലോചിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തത്. പാർട്ടിയുടെ പൊതു അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. ഒന്നുകൂടി കൂടിയിരുന്ന് ഔദ്യോഗിക തീരുമാനമാക്കി ഉടൻ വരും”.