'പട്ടി പരാമർശം; കെ. സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം'; CPM ക്ഷണത്തിൽ തീരുമാനം നാളെയെന്ന് PMA സലാം
- Published by:Rajesh V
- news18-malayalam
Last Updated:
''എല്ലാവരും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഇത് പലതവണ പറഞ്ഞതാണ്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അത് പറഞ്ഞതെന്ന് അറിയില്ല. കോൺഗ്രസിന്റെയും യുഡിഎഫിന്റെ നേതൃത്വം അത് പരിശോധിക്കണം''
കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ റാലിയിലേക്കുള്ള ക്ഷണം തള്ളാതെ മുസ്ലിം ലീഗ് നേതൃത്വം. ശനിയാഴ്ച കോഴിക്കോട് ലീഗ് ഹൗസിൽ യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു.
അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചു. സിപിഎം പലസ്തീൻ റാലിയിൽ പങ്കെടുക്കുമെന്ന ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിക്കവെ നടത്തിയ പരാമർശമാണ് വിവാദമായത്. അടുത്ത ജന്മത്തിൽ പട്ടിയാകണമെന്ന് കരുതി ഇപ്പോൾ തന്നെ കുരക്കേണ്ടതില്ലെന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. സി പി എമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നും സുധാകരൻ പറഞ്ഞിരുന്നു.
Also Read- മുസ്ലിം ലീഗിനെ ചൊടിപ്പിച്ച കെ. സുധാകരന്റെ പട്ടി പരാമർശം എന്ത്?
”എല്ലാവരും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഇത് പലതവണ പറഞ്ഞതാണ്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അത് പറഞ്ഞതെന്ന് അറിയില്ല. കോൺഗ്രസിന്റെയും യുഡിഎഫിന്റെ നേതൃത്വം അത് പരിശോധിക്കണം”- പി എം എ സലാം പറഞ്ഞു.
advertisement
പലസ്തീൻ വിഷയം ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്നമല്ല, മനുഷ്യാവകാശ പ്രശ്നമാണെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും സലാം വ്യക്തമാക്കി.
“ഇ ടി ഞങ്ങളുടെ മുതിർന്ന നേതാവാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ കൂടിയാലോചിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തത്. പാർട്ടിയുടെ പൊതു അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. ഒന്നുകൂടി കൂടിയിരുന്ന് ഔദ്യോഗിക തീരുമാനമാക്കി ഉടൻ വരും”- പി എം എ സലാം പ്രതികരിച്ചു.
advertisement
Also Read- ‘കെപിസിസി നിർദേശം കിട്ടിയിട്ടില്ല, പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയിൽ നിന്ന് പിൻമാറില്ല’; ആര്യാടൻ ഷൗക്കത്ത്
ഇതിനിടെ, മുസ്ലിം ലീഗ് യുഡിഎഫിന്റെ ഭാഗമാണെന്ന് കെ സുധാകരൻ പറയേണ്ട കാര്യമില്ലെന്ന് എം കെ മുനീർ പറഞ്ഞു. എല്ലാവരും കൂട്ടായാണ് യുഡിഎഫിൽ തീരുമാനങ്ങൾ എടുക്കാറുള്ളത്. ലീഗ് എന്നും യുഡിഎഫിന്റെ ഭാഗമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും എം കെ മുനീർ വ്യക്തമാക്കി. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. ഈ വിഷയത്തിൽ ആലോചിച്ച് അന്തിമ തീരുമാനം സ്വീകരിക്കുമെന്നും മുനീര് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
November 03, 2023 2:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പട്ടി പരാമർശം; കെ. സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം'; CPM ക്ഷണത്തിൽ തീരുമാനം നാളെയെന്ന് PMA സലാം