മുഖ്യമന്ത്രിയോട് ഇന്ന് മാധ്യമപ്രവർത്തകർ ചോദിച്ചത്
എല്ലാ പ്രതിപക്ഷ നേതാക്കളും ഉന്നയിച്ചിട്ടുള്ള ഒരു കാര്യമാണ് മുഖ്യമന്ത്രി ഇപ്പോൾ വാര്‍ത്താസമ്മേളനം നടത്തുന്നത് പ്രതിച്ഛായ നിര്‍മിതിയുടെ ഭാഗമാണെന്ന്. അതിന് പി ആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആ ഏജൻസി പറയുന്നത് അനുസരിച്ചാണ് മുഖ്യമന്ത്രി എപ്പോൾ ചിരിക്കണമെന്നു പോലും തീരുമാനിക്കുന്നത്. ഇതൊക്കെയാണ് പ്രതിപക്ഷ നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നത്. അങ്ങനെ പ്രതിച്ഛായ വര്‍ധനയ്ക്ക് ആരെയെങ്കിലും നിയോഗിച്ചുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടാല്‍ നന്നായിരുന്നു. തെരഞ്ഞെടുപ്പൊക്കെ വരുന്ന ഘട്ടത്തില്‍ മറ്റുള്ളവര്‍ക്കും അത് പ്രയോജനമാകും അതുകൊണ്ടാണ് ഈ ചോദ്യം?
advertisement
You may also like:കോവിഡ് തകർത്ത ചെറുകിട വ്യവസായ മേഖല; ഇതുവരെയുള്ള നഷ്ടം 25,000 കോടിയിലേറെ [NEWS]KSRTC നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും; തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ [NEWS]കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ യാത്ര: പരിഷ്ക്കരിച്ച മാർഗനിർദേശങ്ങളുമായി റെയിൽവേ [NEWS]
മുഖ്യമന്ത്രി നൽകിയ മറുപടി ഇങ്ങനെ
അതു ശരി. നിങ്ങള്‍ കുറച്ചുകാലമായല്ലോ ഈ കയിലും കുത്തി നടക്കുന്നത്. ഇപ്പോ പുതുതായി വന്നതല്ലാല്ലോ. ഞാനും കുറച്ചുകാലമായി ഈ കയിലും കുത്തി നില്‍ക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍ ആദ്യമായി കാണുകയല്ല. കുറേക്കാലമായി കണ്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ. നമ്മള്‍ തമ്മില്‍ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും പെട്ടെന്ന് ഉപദേശം തേടി മറുപടി പറയുക എന്ന ശീലമാണ് എനിക്ക് ഉള്ളത് എന്ന്, അത് സാമാന്യ ബുദ്ധിയുള്ള ഒരാളും പറയില്ല കെട്ടോ. നിങ്ങള്‍ ഒരുപാട് ചോദ്യം ചോദിക്കുന്നില്ലേ. ഞാന്‍ ആ പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടാണോ നിങ്ങളുടെ ചെവിയില്‍ ചിലപ്പോള്‍ സാധനങ്ങള്‍ വെക്കാറുണ്ട്. അങ്ങനെയൊന്നും എന്റെ ചെവിടിൽ ഇല്ലല്ലോ. നിങ്ങള്‍ക്ക് എന്ത് ചോദിക്കണം എന്ന് ചിലപ്പോള്‍ നിര്‍ദേശങ്ങള്‍ വരാറുണ്ടല്ലോ. ആ നിര്‍ദേശം വരാനുള്ള ഒരു സാധനവും എന്റെ കയ്യില്‍ ഇല്ലല്ലോ. ഞാന്‍ ഫ്രീയായിട്ട് നില്‍ക്കുയല്ലേ, നിങ്ങള്‍ ഫ്രീയായിട്ട് ചോദിക്കുകയല്ലേ. ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതെ നില്‍ക്കുന്നുണ്ടോ. ഏതെങ്കിലും പിആര്‍
ഏജന്‍സിയുടെ നിര്‍ദേശത്തിന് കാത്തു നിൽക്കുകയാണോ ഞാന്‍. എന്നെ ഈ നാടിന് അറിയില്ലേ. മറ്റ് കൂടുതല്‍ ഞാന്‍ അതിലേക്ക് പറയുന്നില്ല. ഇതെല്ലാം അതിന്റെ ഭാഗമായിട്ട് പറയുകയാണ്. പിന്നെ നിങ്ങള്, അത്തരത്തിലൊരു കാര്യം പറഞ്ഞാൽ നിങ്ങള് ഏറ്റെടുത്ത് പറയാന്‍ തയ്യാറാകുന്നല്ലോ എന്ന ദൗര്‍ഭാഗ്യം മാത്രമേയുള്ളൂ. അതുകൊണ്ടാണ് ഇത് പറയേണ്ടി വന്നത്.
മുഖ്യമന്ത്രി പറഞ്ഞ കയിലും കുത്തി നടക്കൽ എന്താണ്?
വടക്കേ മലബാറിലെ സംസാരത്തിലുള്ള ഒരു ശൈലീപ്രയോഗമാണ് കയിലും കുത്തി നടക്കുക എന്നുള്ളത്. ഇതുകൊണ്ട്, അർത്ഥമാക്കുന്നത് ജോലി ചെയ്യുക എന്നാണ്. "നിങ്ങള്‍ കുറച്ചുകാലമായല്ലോ ഈ കയിലും കുത്തി നടക്കുന്നത്. ഇപ്പോ പുതുതായി വന്നതല്ലാല്ലോ. ഞാനും കുറച്ചുകാലമായി ഈ കയിലും കുത്തി നില്‍ക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍ ആദ്യമായി കാണുകയല്ല." - മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് ഇങ്ങനെ. മുഖ്യമന്ത്രി അർത്ഥമാക്കിയത്, "നിങ്ങള്‍ കുറച്ചുകാലമായല്ലോ ഈ ജോലിയുമായി നടക്കുന്നത്. ഇപ്പോ പുതുതായി വന്നതല്ലാല്ലോ. ഞാനും കുറച്ചുകാലമായി ഈ ജോലിയുമായി നില്‍ക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍ ആദ്യമായി കാണുകയല്ല."
ശരിക്കും കയിലു കുത്തൽ എന്ന് പറഞ്ഞാൽ എന്താണ് ?
കയിലു കുത്തുക എന്നുള്ളത് ആശാരിമാരുടെ ജോലിയാണ്. ഒരു ആശാരി ആദ്യമായി ചെയ്യുന്ന ജോലിയാണ് അത്. ചിരട്ട തവിക്കാണ് കയില് എന്നു പറയുക. ചിരട്ടയിൽ രണ്ട് തുളകളിട്ട് അതിൽ പിടിക്കാനുള്ള കൈ പിടിപ്പിക്കുന്ന ജോലിക്കാണ് കയിലു കുത്തുക എന്നു പറയുന്നത്. ആശാരി ആയി ജോലി തുടങ്ങുന്നയാൾ ആദ്യമായി ചെയ്യുന്ന ജോലിയാണ് അത്. കാരണം, എളുപ്പത്തിൽ പഠിക്കാമെന്നതിനാൽ. മാത്രമല്ല, ഒരു ആശാരി അവസാനമായി ചെയ്യുന്ന ജോലിയുമാണത്. കാരണം, പ്രായത്തിന്റെ അവശതകൾ ബാധിക്കുമ്പോൾ അവർക്ക് വലിയ അദ്ധ്വാനമില്ലാതെ ചെയ്യാവുന്ന ജോലിയാണ് അത് എന്നതിനാലാണ് ഇത്.
കയിലു കുത്തലിനെ ഫേമസാക്കിയത് 'നീലക്കുയിലും' ഭാസ്ക്കരൻ മാഷും
നീലക്കുയിൽ എന്ന സിനിമയിലെ പ്രശസ്തമായ ഗാനമാണ് 'കായലരികത്ത് വലയെറിഞ്ഞപ്പോൾ
വള കിലുക്കിയ സുന്ദരീ'. പി ഭാസ്ക്കരൻ എഴുതിയ ഈ വരികളിൽ ഒന്നിൽ 'കയിലും കുത്തി നടക്കണ്' എന്നുണ്ട്.
'വേറെയാണു വിചാരമെങ്കിലു
നേരമായതു ചൊല്ലുവാൻ
വെറുതെ ഞാനെന്തിനെരിയും വെയിലത്തു
കയിലും കുത്തി നടക്കണ്'
ഈ വരിയാണ് മലബാറും കടന്ന് മലയാളികളുടെ ഇടയിലേക്ക് ഈ ശൈലീപ്രയോഗത്തെ വ്യാപിപ്പിച്ചത്.