പരിസ്ഥിതിയിലെ നല്ല മാറ്റത്തിന് പ്രചോദനമേകുന്നതിനുള്ള ഒരു ആഗോള വേദിയായാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. വ്യക്തികളെ അവരുടെ ആവാസവ്യവസ്ഥയെ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ഹരിത ഭൂമി കെട്ടിപ്പടുക്കുന്നതിന് നടപടികളെടുക്കാൻ അവസരം നൽകുകയും ചെയ്യുന്ന ദിനം കൂടിയാണ് പരിസ്ഥിതി ദിനം.
ലോക പരിസ്ഥിതി ദിനത്തിന്റെ ചരിത്രം
1972ൽ യുഎൻ ജനറൽ അസംബ്ലിയാണ് സ്റ്റോക്ക്ഹോം സമ്മേളനത്തിന്റെ ആദ്യദിവസം ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. രണ്ടു വർഷത്തിനു ശേഷം, 1974ൽ ആദ്യത്തെ ലോക പരിസ്ഥിതി ദിനം 'ഒരു ഭൂമി മാത്രം' എന്ന വിഷയത്തിൽ ആചരിച്ചു. 1987ൽ ഈ ദിവസത്തെ ആഘോഷങ്ങൾക്കായി ഓരോ വർഷവും ആതിഥേയ രാജ്യം നിശ്ചയിക്കുന്നതിന് യുഎൻ പുതിയ ആശയം കൊണ്ടുവന്നു.
advertisement
ലോക പരിസ്ഥിതിദിനം 2021 | 'നമുക്കെല്ലാം പൊതുവായുള്ളത് ഭൂമിയാണ്' - മഹത്തായ ചില വചനങ്ങൾ
2021ലെ ലോക പരിസ്ഥിതി ദിന തീം
'ഇക്കോസിസ്റ്റം പുന:സ്ഥാപിക്കൽ' എന്നതാണ് ഈ വർഷത്തെ തീം. ആവാസവ്യവസ്ഥയുടെ പുന: സ്ഥാപനം എന്ന തീം കൊണ്ട് അർത്ഥമാക്കുന്നത് മനുഷ്യരുടെ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന നാശത്തെ തടയുക, അവസാനിപ്പിക്കുക, പഴയ പടിയാക്കുക, ഒടുവിൽ പ്രകൃതിയെ സുഖപ്പെടുത്തുക എന്നതാണ്. ഓരോ മൂന്ന് സെക്കൻഡിലും, ലോകത്ത് വനങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ നിരവധി തണ്ണീർത്തടങ്ങൾ നശിച്ചു. കാടുകൾ മുതൽ കൃഷിസ്ഥലങ്ങൾ വരെ കോടിക്കണക്കിന് ഹെക്ടർ സ്ഥലങ്ങൾ പുനരുജ്ജീവിപ്പിക്കുകയാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റ ലക്ഷ്യം.
ഈ വർഷത്തെ ആതിഥേയ രാജ്യം
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളാണ് ഓരോ വർഷവും ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്. പ്രതിവർഷം 143 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്. യു എൻ പരിസ്ഥിതി പദ്ധതിയുമായി സഹകരിച്ച് പാകിസ്ഥാനാണ് 2021ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ജൂൺ നാലിന് രാത്രി ഇസ്ലാമാബാദിൽ ലോക പരിസ്ഥിതി ദിന കോൺഫറൻസ് ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഈ ദിവസം പാകിസ്ഥാൻ ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ലഘൂകരണത്തിനായി പാകിസ്ഥാൻ ചില സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തും. അതിൽ 10 ബില്യൺ ട്രീസ് സുനാമി പ്രോഗ്രാംഡ്, ക്ലീൻ ഗ്രീൻ പാകിസ്ഥാൻ, ഇലക്ട്രിക് വെഹിക്കിൾ പോളിസി, നാഷണൽ പാർക്കുകൾ എന്നിവ ഉൾപ്പെടുന്നു. പ്ലാസ്റ്റിക് മലിനീകരണം വിഷയമാക്കി 2018ലാണ് ഇന്ത്യ പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ചത്.
Keywords: World Environment Day, World Environment Day 2021, Earth, Environment, ലോക പരിസ്ഥിതി ദിനം, ഭൂമി, പരിസ്ഥിതി