പുരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും 800 കോടി രൂപയുടെ പൈതൃക ഇടനാഴി പദ്ധതിയാണ് സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടു കൂടിയാണ് പദ്ധതി. രാജ്യത്തെ പ്രധാനപ്പെട്ട ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ പുരിയെ ലോകോത്തര പൈതൃക നഗരമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഒഡീഷ സർക്കാർ ശ്രീ മന്ദിര പരിക്രമ പദ്ധതി (Shree Mandira Parikrama project) ആവിഷ്കരിച്ചത്. 2019ൽ ഫോനി ചുഴലിക്കാറ്റ് നാശം വിതച്ചതിനുശേഷം, നഗരത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാർ 4,200 കോടി രൂപ പ്രഖ്യാപിച്ചിരുന്നു.
advertisement
ക്ഷേത്രത്തിന്റെ 75 മീറ്റര്‍ ചുറ്റളവില്‍ നിന്ന് കച്ചവടസ്ഥാപനങ്ങളെയും താമസക്കാരെയും ഒഴിപ്പിച്ചാണ് സർക്കാർ പദ്ധതി നടപ്പിലാക്കിയത്. ഇവർക്ക് നഷ്ടപരിഹാരവും നൽകിയിരുന്നു.
Also read-അയോധ്യ ശ്രീരാമക്ഷേത്രം പ്രാണപ്രതിഷ്ഠ എന്തുകൊണ്ട് ജനുവരി 22 ന്?
എന്താണ് ശ്രീ മന്ദിര പരിക്രമ പദ്ധതി ? സവിശേഷതകൾ എന്തെല്ലാം?
ക്ഷേത്രത്തിന്റെ 75 മീറ്റര്‍ ചുറ്റളവിൽ തയ്യാറാക്കിയിരിക്കുന്ന പുതിയ വിശാലമായ വീഥിയിലൂടെ ഒരേ സമയം ആയിരങ്ങള്‍ക്കാണ് ദർശന സൗര്യമൊരുക്കിയിരിക്കുന്നത്. താഴെ പറയുന്നവയാണ് പദ്ധതിയുടെ മറ്റ് സവിശേഷതകൾ.
1. പുറത്തെ ഭിത്തികളോട് ചേർന്നുള്ള ഏഴ് മീറ്റർ ഗ്രീൻ ബഫർ സോൺ
2. ക്ഷേത്ര സമുച്ചയത്തിന് ചുറ്റും ഘോഷയാത്രയ്ക്കും പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനുമായി 10 മീറ്റർ നീണ്ട പാത.
3. മരങ്ങളും ചെടികളും പൂന്തോട്ടവും നിറഞ്ഞ 14 മീറ്റർ ലാൻഡ്‌സ്‌കേപ്പ് സോൺ
4. സന്ദർശകർക്കും തീർഥാടകർക്കും തണൽ നൽകുന്നതിന് ഇരുവശത്തും മരങ്ങളാൽ ചുറ്റപ്പെട്ട എട്ട് മീറ്റർ ഔട്ടർ പാത്ത്‍വേ
5. വിശ്രമമുറികൾ, കുടിവെള്ള സൗകര്യം, ഇൻഫർമേഷൻ കം-ഡൊണേഷൻ കിയോസ്കുകൾ, ഷെൽട്ടർ പവലിയനുകൾ തുടങ്ങിയ സൗകര്യങ്ങളുള്ള 10 മീറ്റർ പബ്ലിക് കൺവീനിയൻസ് സോൺ
6. എമർജൻസി, ഡിസാസ്റ്റർ മാനേജ്‌മെന്റ് തുടങ്ങിയ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ 4.5 മീറ്റർ വീതിയുള്ള എമർജൻസി ലെയിൻ
7. വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി 7.5 മീറ്റർ മിക്സഡ് ട്രാഫിക് ലെയ്ൻ
സംസ്ഥാനത്തെ മറ്റ് പ്രധാന ക്ഷേത്രങ്ങളുടെ വികസനത്തിനായി 2000 കോടി രൂപയുടെ മറ്റൊരു പദ്ധതിക്ക് ഒഡീഷ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. 11-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഭുവനേശ്വറിലെ ലിംഗരാജ് ക്ഷേത്രത്തിന് ചുറ്റുമുള്ള 66 ഏക്കർ സ്ഥലം, 700 കോടി രൂപ ചെലവിൽ മോടി പിടിപ്പിക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ ക്ഷേത്രങ്ങൾ മോടിപിടിപ്പിക്കാനുള്ള ഒഡീഷ സർക്കാരിന്റെ ശ്രമങ്ങൾ ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ ചെറുക്കാനുള്ള നീക്കമായാണ് രാഷ്ട്രീയ നീരീക്ഷകർ വിലയിരുന്നത്.