അയോധ്യ ശ്രീരാമക്ഷേത്രം പ്രാണപ്രതിഷ്ഠ എന്തുകൊണ്ട് ജനുവരി 22 ന്?
- Published by:Vishnupriya S
- news18-malayalam
Last Updated:
രാമക്ഷേത്ര ഉദ്‌ഘാടനത്തിനായി ജനുവരി 22 തിരഞ്ഞെടുത്തതിന്റെ കാരണമെന്ത്?
നീണ്ട 500 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജനുവരി 22 ന് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ, ആ ദിവസം തന്നെ ഉദ്‌ഘാടനത്തിനായി തിരഞ്ഞെടുത്തത്തിന്റെ കാരണവും ചർച്ചയാകുന്നുണ്ട്. ജനുവരി 22 ന് ഉച്ചയ്ക്ക് 12.29 നും 12.30 നും ഇടക്കുള്ള 84 സെക്കൻഡ് സമയത്താണ് പ്രതിഷ്ഠ ചടങ്ങ് നടക്കുക. പ്രതിഷ്ഠക്ക് ശേഷം ക്ഷേത്രത്തിൽ മഹാ പൂജയും മഹാ ആരതിയും ഉണ്ടായിരിക്കും. ഹിന്ദു കലണ്ടർ അനുസരിച്ച് ജനുവരി 22 എന്നത് പൗഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശിയാണ്. അന്നേ ദിവസം രാവിലെ 8.47 വരെ മൃഗശിരയും (Mrigashira) യോഗബ്രഹ്മ (Yoga Brahma ) സമയവുമാണ്. 8.47 ന് ശേഷം ഇന്ദ്രയോഗം ആരംഭിക്കും.
കൂടാതെ, ജ്യോത്സ്യൻമാരുടെ അഭിപ്രായത്തിൽ ജനുവരി 22 മഹാവിഷ്ണുവിനായി സമർപ്പിക്കപ്പെട്ട ദ്വാദശിയായ കർമ ദ്വാദശി കൂടിയാണ്. ഹിന്ദു പുരാണം അനുസരിച്ച് ഈ ദിവസമാണ് മഹാവിഷ്ണു കൂർമ രൂപത്തിൽ അവതാരമെടുത്ത് അമൃത് കടഞ്ഞെടുക്കുന്ന പാലാഴി മഥനത്തിൽ സമുദ്രത്തിലേക്ക് താഴ്ന്നു പോയ മന്ഥര പർവ്വതത്തെ ഉയർത്താൻ സഹായിച്ചത്. രാമൻ മഹാവിഷ്ണുവിന്റെ അവതാരമായതുകൊണ്ട് തന്നെ ഈ ദിവസം ഉദ്‌ഘാടനത്തിന് യോജിച്ചതാണെന്നാണ് അഭിപ്രായം. ജനുവരി 22 നെ തിരഞ്ഞെടുക്കാൻ മറ്റ് പല കാരണങ്ങളും ഇതിനൊപ്പം പറയുന്നുണ്ട്.
ഈ ദിവസത്തിന്റെ തുടക്കത്തിൽ മൂന്ന് പ്രധാന യോഗങ്ങൾ കാണപ്പെടുന്നുണ്ട്. സർവാർത്ഥ സിദ്ധി, അമൃത സിദ്ധി, രവി യോഗം എന്നിവയാണ് ജനുവരി 22 ലെ മൂന്ന് ശുഭ യോഗങ്ങൾ. ഈ ദിവസം ശുഭകരമായ കർമങ്ങൾ നിർവ്വഹിക്കുന്നവർക്ക് പിന്നീടുള്ള എല്ലാ കർമത്തിലും വിജയം കൈവരും എന്നാണ് വിശ്വാസം. ഉദ്ഘാടന ശേഷം ജനുവരി 24 ന് ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുത്തേക്കും. ക്ഷേത്രത്തിലേക്ക് വലിയ ഭക്തജനപ്രവാഹം ഉണ്ടാകാനുള്ള സാധ്യത ക്ഷേത്ര അധികാരികൾ കണക്ക് കൂട്ടുന്നുണ്ട്. ക്ഷേത്ര സന്ദർശനത്തിന് എത്തുന്നവർക്ക് ഭക്തി സാന്ദ്രമായ അനുഭവം സമ്മാനിക്കാനുള്ള പദ്ധതികളും ക്ഷേത്ര ഭരണ സമിതി ഒരുക്കുന്നുണ്ട്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Ayodhya,Faizabad,Uttar Pradesh
First Published :
January 06, 2024 11:28 AM IST