ക്യാൻസറിനെ അതിജീവിച്ച സഹപാഠിയുടെ കഥ കലോത്സവത്തിൽ നാടകമാക്കാൻ ഇരിയണ്ണി ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒരുകൂട്ടം വിദ്യാർഥികൾ തീരുമാനിച്ചപ്പോൾ അധ്യാപകരും പിടിഎയുമെല്ലാം കട്ട സപ്പോർട്ടുമായി ഒപ്പം നിന്നു. കഴിഞ്ഞ തവണയും ഇരിയണ്ണി സ്കൂളിലെ നാടകം സംസ്ഥാന കലോത്സവത്തിൽ ഒന്നാമതെത്തിച്ച കോഴിക്കോട്ടുകാരൻ സംവിധായകൻ പ്രിയദർശനും കൂടിയതോടെ തൊട്ടതെല്ലാം പൊന്നായി.
കഴിഞ്ഞ വർഷം ഒമ്പതാം ക്ലാസിൽ പഠിച്ച ഒരു വിദ്യാർഥിനിയുടെ ജീവിതത്തിൽ പൊടുന്നനെയുണ്ടായ സംഭവങ്ങളാണ് നാടകത്തിന് ഇതിവൃത്തമായത്. പെട്ടെന്ന് രക്താർബുദ ബാധിതയായ വിദ്യാർഥിനി മനസിന്‍റെ ഇച്ഛാശക്തിയിൽ രോഗത്തെ അതിജീവിക്കുന്നു. ഈ സംഭവം തന്നെ 'ഒന്നാണല്ലോ രണ്ടിനേക്കാൾ വലുത്' എന്ന പേരിൽ നാടകമാക്കി.
advertisement
വളരെ സന്തോഷത്തോടെ മുന്നോട്ടുപോകുന്ന കുടുംബത്തിൽ ക്യാൻസർ എന്ന മഹാരോഗം കടന്നെത്തുമ്പോൾ അതിനെ അതിജീവിക്കാൻ കുട്ടികൾക്കും കരുത്ത് പകരുകയെന്ന സന്ദേശമാണ് ഈ നാടകത്തിലൂടെ മുന്നോട്ടുവെക്കാൻ ശ്രമിച്ചതെന്ന് സംവിധായകൻ പ്രിയദർശൻ ന്യൂസ്18നോട് പറഞ്ഞു. കുട്ടികൾ തന്നെ നാടകത്തിനുള്ള സ്ക്രിപ്റ്റ് തയ്യാറാക്കി. എല്ലാം മാറ്റിവെച്ച് നാടകത്തിന് വേണ്ടിയുള്ള കുട്ടികളുടെ സമർപ്പണമാണ് മികച്ച വിജയം നേടാൻ സഹായകരമായതെന്നും അദ്ദേഹം പറഞ്ഞു.
Also Read- കലോത്സവ നാടകങ്ങളിൽ വിജയം ശീലമാക്കിയ പ്രിയദർശൻ; നേട്ടം തുടർച്ചയായ പത്താം തവണ
ടി കെ നിരഞ്ജൻ, സി.കെ. നിതീന, പ്രീതിക ബാലകൃഷ്ണൻ, ജി.കെ. ഇഷാൻവി, അലൻ എസ് മോഹൻ, അനുഗ്രഹ, ആഗ്നയ്, അർജുൻ, വർഷ, ടി.എം ദീപക് എന്നീ കുട്ടികളാണ് അരങ്ങിലെത്തിയത്. ഈ നാടകത്തിന് വേണ്ടി പെൺകുട്ടികൾ ഉൾപ്പടെയുള്ളവർ തല മൊട്ടയടിക്കാൻ തയ്യാറായത് വലിയ കാര്യമാണെന്നും പ്രിയദർശൻ പറഞ്ഞു.
"ഒന്നാണല്ലോ രണ്ടിനേക്കാൾ വലുത്" എന്ന നാടകത്തിലൂടെ വലിയ സന്ദേശമാണ് സമൂഹത്തിന് നൽകിയതെന്ന് ഇരിയണ്ണി സ്കൂളിലെ പിടിഎ പ്രസിഡന്‍റ് ബി എം പ്രദീപ് പറഞ്ഞു. പെട്ടെന്നുണ്ടാകുന്ന രോഗം ഒരു കുടുംബത്തെ താളംതെറ്റിക്കും. അതിനേ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുകയെന്ന സന്ദേശമാണ് പ്രധാനം. കൂടാതെ ക്യാൻസർ രോഗികളെ ഒറ്റപ്പെടുത്തുന്നതിനെതിരെയും നാടകം സംസാരിക്കുന്നുണ്ട്. കുട്ടികളെ ഉൾപ്പടെ വഴിതെറ്റിക്കുന്ന ലഹരിയെന്ന വിത്തിനെതിരായ സന്ദേശവും നാടകം മുന്നോട്ടുവെക്കുന്നുണ്ടെന്ന് പ്രദീപ് പറഞ്ഞു. നാടകത്തെ നെഞ്ചിലേറ്റുന്ന ജനതയാണ് ഇരിയണ്ണിയിലേത്. തുടർച്ചയായ രണ്ടാം തവണയും ഇരിയണ്ണി സ്കൂളിലെ നാടകം സംസ്ഥാനതലത്തിൽ എ ഗ്രേഡ് ഉൾപ്പടെയുള്ള അംഗീകാരം നേടിയതിൽ സ്കൂളും നാട്ടുകാരും ആവേശത്തിലാണെന്നും പ്രദീപ് പറഞ്ഞു.