ക്യാപ്റ്റൻ അഭിലാഷയെ സംബന്ധിച്ചിടത്തോളം, സേനയിൽ ചേരുക എന്നത് വലിയ ആലോചനകളൊന്നും കൂടാതെ തന്നെ എടുത്ത തീരുമാനം ആയിരുന്നു. രാജ്യത്ത് അങ്ങോളമിങ്ങോളം, ഒരു സൈനിക കന്റോൺമെന്റിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരുന്നതായിരുന്നു അവളുടെ കുട്ടിക്കാലം. അഭിലാഷയുടെ അച്ഛനും സഹോദരനും സേനാംഗങ്ങളാണ്. കേണൽ എസ്. ഓം സിങ്ങാണ് അഭിലാഷയുടെ പിതാവ്.
2018 സെപ്തംബറിലാണ് അഭിലാഷ സേനയുടെ എയർ ഡിഫൻസ് വിഭാഗത്തിൽ ചേർന്നത്. 2013ൽ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നടന്ന തന്റെ സഹോദരന്റെ പാസിംഗ് ഔട്ട് പരേഡ് കണ്ടതാണ് സൈന്യത്തിൽ ചേരാനുള്ള ആഗ്രഹം ഉറപ്പിച്ചതെന്ന് അഭിലാഷ പറയുന്നു.
advertisement
സനവാറിലെ ലോറൻസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് ക്യാപ്റ്റൻ അഭിലാഷ. 2016-ൽ ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബി ടെക്കിൽ ബിരുദം നേടിയ അഭിലാഷ അതിനുശേഷം അമേരിക്കയിൽ എത്തി ഡിലോയിറ്റ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും അത് അധികകാലം തുടർന്നില്ല.
2018-ൽ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ പ്രവേശനം നേടിയാണ് അഭിലാഷ ഇന്ത്യൻ ആർമിയിൽ ചേർന്നത്. ''2018-ൽ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ശേഷം ഞാൻ ആർമി ഏവിയേഷൻ കോർപ്സ് തിരഞ്ഞെടുത്തു. ഫോം പൂരിപ്പിക്കുമ്പോൾ, ഗ്രൗണ്ട് ഡ്യൂട്ടി റോളിന് മാത്രമേ പരിഗണിക്കപ്പെടൂ എന്ന് എനിക്കറിയാമായിരുന്നു, എന്നാൽ പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റിലും കമ്പ്യൂട്ടറൈസ്ഡ് പൈലറ്റ് സെലക്ഷൻ സിസ്റ്റത്തിലും ഞാൻ യോഗ്യത നേടിയിട്ടുണ്ടെന്ന് ഫോമിൽ പരാമർശിച്ചു. ഇന്ത്യൻ സൈന്യം സ്ത്രീകളെ യുദ്ധ പൈലറ്റുമാരായി നിയമിക്കാൻ തുടങ്ങുന്ന ദിവസം വിദൂരമല്ലെന്ന് എനിക്ക് അപ്പോൾ അറിയാമായിരുന്നു'', അഭിലാഷ പറഞ്ഞു.
മിലിട്ടറി കന്റോൺമെന്റുകളിലാണ് താൻ വളർന്നതെന്നും അതുകൊണ്ട് തന്നെ സൈനികരുടെ ജീവിതം ഒരിക്കലും അസാധാരണ കാര്യമായി തനിക്ക് തോന്നിയിട്ടില്ലെന്നും ഹരിയാന സ്വദേശിയായ അഭിലാഷ പറയുന്നു. 2011ൽ ആയിരുന്നു സൈനികനായ പിതാവിന്റെ മരണം.
ഇന്ത്യൻ വ്യോമസേനയിലെയും ഇന്ത്യൻ നാവികസേനയിലെയും വനിതാ ഉദ്യോഗസ്ഥർ വളരെക്കാലമായി ഹെലികോപ്റ്ററുകൾ പറത്തുന്നുണ്ടെങ്കിലും 2021 മുതലാണ് സൈന്യം തങ്ങളുടെ വ്യോമയാന വിഭാഗത്തിലേക്ക് വനിതകളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. അതുവരെ കരസേനാ ഏവിയേഷനില്‍ ഗ്രൗണ്ട് ഡ്യൂട്ടി മാത്രമാണ് വനിതാ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരുന്നത്. 2021 ഒക്ടോബറിലെ ഒരു സുപ്രധാന ഉത്തരവിലൂടെ സുപ്രീം കോടതി സ്ത്രീകള്‍ക്കായി അക്കാദമിയുടെ വാതിലുകള്‍ തുറക്കുകയായിരുന്നു.