1904-ൽ നിഹാൽപൂർ എന്ന ഗ്രാമത്തിലാണ് സുഭദ്ര കുമാരി ചൗഹാൻ ജനിച്ചത്. ഇടവേളകളില്ലാതെ എഴുതാൻ ഇഷ്ടപ്പെട്ടിരുന്ന ചൗഹാൻ സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ കുതിരവണ്ടിയിലിരുന്നും കവിതകൾ കുറിക്കുമായിരുന്നു. കേവലം ഒമ്പത് വയസ് പ്രായമുള്ളപ്പോഴാണ് ചൗഹാന്റെ ആദ്യ കവിത പ്രസിദ്ധീകരിക്കപ്പെട്ടത്. അവരുടെ കൗമാരപ്രായത്തിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യൻ ജനതയുടെ ആഗ്രഹവും ആവേശവും അതിന്റെ പാരമ്യത്തിലെത്തി. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ അംഗമെന്ന നിലയിൽ സ്വന്തം രാഷ്ട്രത്തിന്റെ പരമാധികാരത്തിന് വേണ്ടി ശബ്ദമുയർത്താൻ സ്വന്തം ദേശവാസികളെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും ചൗഹാന് തന്റെ കവിതകളിലൂടെ കഴിഞ്ഞു.
advertisement
ലിംഗ അസമത്വം, ജാതി വിവേചനം തുടങ്ങി ഇന്ത്യയിലെ സ്ത്രീകൾക്ക് നേരിടേണ്ടി വന്ന വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങളായിരുന്നു ചൗഹാന്റെ കവിതകളുടെ മുഖ്യ പ്രമേയം. ദേശീയവികാരവും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ ദാഹവും പോരാട്ടവുമെല്ലാം ആ കവിതകളിൽ നിറഞ്ഞു നിന്നു. സാമൂഹ്യ പ്രവർത്തനത്തോടുള്ള അടങ്ങാത്ത അഭിവാഞ്ഛ മൂലം ചൗഹാൻ 1923-ൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ സത്യഗ്രഹിയായി മാറി. ദേശീയ വിമോചനത്തിന് വേണ്ടി അഹിംസ മാർഗമാക്കി പോരാട്ടം നയിച്ച കൊളോണിയൽ വിരുദ്ധ പോരാളികളായിരുന്നു സത്യഗ്രഹികൾ. എഴുത്തിലൂടെയും അല്ലാതെയും സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ വിപ്ലവകരമായ പ്രസ്താവനകൾ നടത്താൻ സുഭദ്ര കുമാരി ചൗഹാന് കഴിഞ്ഞു. തന്റെ ജീവിത കാലയളവിലുടനീളം 88 കവിതകളും 46 ചെറുകഥകളുമാണ് ചൗഹാന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.
Also Read- Anaswaram @ 30| മമ്മുക്ക പ്രകോപിപ്പിച്ചാൽ ശ്വേത മേനോൻ എന്തു ചെയ്യും? അനശ്വരത്തിന്റെ 30 വർഷങ്ങൾ
ഇന്ന് ഇന്ത്യൻ ക്ലാസ്‌മുറികളിൽ ചരിതത്തിന്റെ പുരോഗതിയുടെ പ്രതീകം എന്ന നിലയ്ക്കാണ് ചൗഹാന്റെ കവിതകൾ നിലകൊള്ളുന്നത്. സാമൂഹ്യ അസമത്വങ്ങൾക്കെതിരെ ശബ്ദമുയർത്താനും ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തിന്റെ ഭാഗധേയം നിർണയിച്ച വാക്കുകൾ ആഘോഷമാക്കാനും ഭാവി തലമുറകളെ പ്രചോദിപ്പിക്കാൻ പോന്ന ആ കവിതകൾ ഈ കാലഘട്ടത്തിലും പ്രസക്തി നിലനിർത്തുന്നു. 1948-ൽ ഒരു കാറപകടത്തിൽ പെട്ട് തന്റെ 43-ാം വയസിലാണ് അതുല്യയായ ആ സാഹിത്യകാരി മരണമടഞ്ഞത്. ലിംഗ അസമത്വത്തിനെതിരെയുള്ള മുന്നേറ്റങ്ങൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ സുഭദ്ര കുമാരി ചൗഹാന്റെ ജ്വലിക്കുന്ന ഓർമകൾക്ക് വലിയ പ്രാധാന്യമുണ്ട്.