അരക്ക് താഴെ തളർന്നു പോയെങ്കിലും സാമൂഹ്യ സേവന രംഗത്ത് ഈ പരിമിതികളും തിരിച്ചടികളും വക വെക്കാതെ മറ്റുള്ളവരേക്കാൾ മികച്ച രീതിയിൽ, ലോകത്തിന് മാതൃക ആയി പ്രവർത്തിച്ച ചരിത്രം ആണ് കെ.വി. റാബിയയുടെ. സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ പത്മശ്രീ നൽകി കെ.വി. റാബിയയെ രാജ്യം ആദരിക്കുമ്പോൾ അത് തിളക്കം കൂട്ടുന്നത് പത്മശ്രീ പുരസ്കാരത്തിന് കൂടി ആണ്. അത്രയും അർഹമായ കൈകളിലേക്ക് തന്നെ ആണ് അത് നൽകുന്നത്.
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിക്ക് അടുത്ത് വെള്ളിലക്കാട് എന്ന ഗ്രാമത്തിൽ 1966 ൽ ജനനം. പി എസ് എം ഒ കോളേജിൽ പഠിക്കുന്ന കാലത്ത് ആണ് വിധി പോളിയോയുടെ രൂപത്തിൽ റാബിയയുടെ ചലന ശേഷി കവർന്നെടുത്തത്. പതിനേഴാം വയസിൽ പഠനം അവസാനിപ്പിച്ച് വീൽചെയറിനെ കൂടെ കൂട്ടേണ്ടി വന്നു ഇവർക്ക്.
advertisement
1990 ജൂണിൽ സംസ്ഥാനത്ത് തുടങ്ങിയ സാക്ഷരതാ യജ്ഞം നാടിൻ്റെ മാത്രമല്ല കെ.വി. റാബിയുടെ കൂടി വിധി മാറ്റി എഴുതി. വീൽചെയറിൽ എത്തി അക്ഷരങ്ങളെ പരിചയപ്പെടുത്തിയ റാബിയ ടീച്ചർ തിരൂരങ്ങാടിക്ക് മാത്രം അല്ല നാടിന് ഒന്നാകെ അത്ഭുതം ആയി. തൻ്റെ ആരോഗ്യം പോലും ശ്രദ്ധിക്കാതെ ആയിരുന്നു റാബിയയുടെ യാത്രകൾ. 1992 ൽ റാബിയയുടെ ക്ലാസ് സന്ദർശിച്ച അധികൃതർ ശരിക്കും ഞെട്ടി. എട്ട് വയസുകാരിയേയും 80 വയസുകാരിയേയും ഒരുപോലെ അക്ഷരലോകത്തേക്ക് കൈ പിടിച്ചു നടത്തിയത് വീൽചെയറിൽ വഴി വെട്ടി മുന്നേറുന്ന റാബിയ ആയിരുന്നു. റാബിയയുടെ പരിശ്രമങ്ങൾ നാടിന് ഒന്നാകെ പുതിയ മാറ്റങ്ങൾ കൊണ്ട് വന്നു. പുതിയ റോഡ്, വൈദ്യുതി, ടെലഫോൺ കണക്ഷനുകൾ, കുടിവെള്ളം എന്നിവ എല്ലാം റാബിയയുടെ പേരിൽ ആണ് ഗ്രാമത്തിൽ എത്തിയത്. ഒന്നര കിലോമീറ്റർ ദൂരം വരുന്ന പുതിയ റോഡിന് സര്ക്കാര് നൽകിയ പേര് അക്ഷരം എന്നായിരുന്നു. ഏറ്റവും ഉചിതമായ പേര്.
പിന്നീട് ചലനം എന്ന പേരിൽ റാബിയ ഒരു സംഘടന തുടങ്ങി. ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി ആറു സ്കൂളുകൾ ആണ് സംഘടന സ്ഥാപിച്ചത്. അതോടൊപ്പം വിവിധ സ്ത്രീ ശാക്തീകരണ സാമൂഹ്യ പ്രവർത്തനങ്ങളും ' ചലനം ' സാധ്യമാക്കി. സ്ത്രീധനം, മദ്യപാനം, അന്ധ വിശ്വാസം, വർഗീയത തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങൾക്ക് എതിരെ റാബിയ ' ചലന'ത്തിലൂടെ പോരാട്ടം തുടർന്നു.സ്ത്രീകൾക്ക് വേണ്ടി ചെറുകിട നിർമാണ ശാലകൾ, വനിതാ ലൈബ്രറി തുടങ്ങി ആ നാടിന് അപരിചിതമായ ഒട്ടേറെ നവീന പ്രവർത്തനങ്ങൾ റാബിയ സാധ്യമാക്കി, തൻ്റെ വീൽചെയറിൽ ഇരുന്ന്. മലപ്പുറം ജില്ലയിലെ കമ്പ്യൂട്ടർ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച "അക്ഷയ " പദ്ധതിക്ക് ഒപ്പവും റാബിയ ഉണ്ടായിരുന്നു. പദ്ധതി പിന്നീട് കേരളം മുഴുവൻ വ്യാപിച്ചത് മറ്റൊരു ചരിത്രം.
ശാരീരിക ബുദ്ധിമുട്ടുകളെ ഉൾക്കരുത്ത് കൊണ്ട് എതിരിട്ട് മുന്നേറുമ്പോഴും വിധിയുടെ പരീക്ഷണങ്ങൾ അവസാനിച്ചിരുന്നില്ല. 2000 ലാണ് കാൻസർ രോഗം റാബിയയെ പിടികൂടിയത്. മാസങ്ങൾ നീണ്ട ചികിത്സ, കീമോ തെറാപ്പി. റാബിയ വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തി. 2 വർഷത്തിന് ശേഷം ഹജ്ജ് കർമം നിർവഹിച്ച് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാധിച്ചെടുത്തു ഈ ഉരുക്ക് വനിത. എന്നാല് രണ്ട് കൊല്ലത്തിന് ഇപ്പുറം മറ്റൊരു അപകടം അവരുടെ നട്ടെല്ലിന് കനത്ത ക്ഷതം ഏൽപ്പിച്ചു. കുളിമുറിയിൽ വീണതിൻ്റെ ആഘാതം അവരെ തളർത്തി. പക്ഷേ ഭാഗിക പക്ഷാഘാതം അവരുടെ ശരീരത്തെ മാത്രമാണ് ബാധിച്ചത്, മനസിനെ, ഉൾക്കരുത്തിനെ തൊടാൻ പോലും പ്രതിസന്ധികൾക്ക് കഴിഞ്ഞില്ല. കിടക്കയിൽ കിടന്ന് കൊണ്ടായി പിന്നീടുള്ള പ്രവർത്തനങ്ങൾ.. "ചലനം " സംഘടനയെ അവർ ചലിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു കുറവും വരുത്താതെ ഇതിനിടെ പുസ്തക രചനക്കും റാബിയ സമയം കണ്ടെത്തി. കിടക്കയിൽ കിടന്ന് കൊണ്ട് തന്നെ തീവ്ര വേദനയെ കളർ പെൻസിലുകൾ കൊണ്ട് എതിരിട്ട് അവർ , മൗന നൊമ്പരങ്ങൾ എഴുതി തീർത്തു. പുസ്തകം അവർ നേരിടുന്ന ജീവിത വേദനകൾക്ക് അപ്പുറം പ്രതിസന്ധികൾക്ക് എതിരെ ഉള്ള പോരാട്ടങ്ങളുടെ മിഴിവാർന്ന ഓർമ ചിത്രം ആണ് വാക്കുകളിലൂടെ വരച്ചു കാണിക്കുന്നത്.
റാബിയയുടെ ആത്മകഥ "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്" 2009 ലാണ് പ്രസിദ്ധീകരിച്ചത്. സുകുമാർ അഴീക്കോട് ആയിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. ഇതിന് പുറമെ 3 പുസ്തകങ്ങൾ കൂടി റാബിയ രചിച്ചു. തൻ്റെ ചികിത്സകൾക്ക് ഉള്ള പണം അവർ കണ്ടെത്തിയത് ഈ പുസ്തകങ്ങളിലൂടെ കൂടിയായിരുന്നു. റാബിയയുടെ ജീവിതം ആസ്പദമാക്കി ഹ്രസ്വ ചിത്രവും പുറത്തിറക്കിയിട്ടുണ്ട്.
ഇതിനോടകം അനവധി പുരസ്കാരങ്ങൾ റാബിയയെ തേടി എത്തിയിട്ടുണ്ട്.
Also Read-Padma Awards | നാല് മലയാളികൾക്ക് പത്മ പുരസ്ക്കാരം; ജനറൽ ബിപിൻ റാവത്തിന് പത്മ വിഭൂഷൺ
1994 ൽ കേന്ദ്ര മാനവിക വിഭവ വകുപ്പിൻ്റെ നാഷണൽ യൂത്ത് പുരസ്കാരം, 2000 ൽ കേന്ദ്ര ശിശു വികസന വകുപ്പിൻ്റെ കണ്ണകി സ്ത്രീ ശക്തി പുരസ്കാരം എന്നിവ റാബിയക്ക് ലഭിച്ചു. ഇതിനെല്ലാം പുറമെ അനവധി കേന്ദ്ര സംസ്ഥാന അവാർഡുകളും ഇക്കാലയളവിൽ റാബിയക്ക് ആദരമായി ലഭിച്ചു. ഇപ്പൊൾ രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരമായ പത്മശ്രീ കൂടി ലഭിക്കുന്നതോടെ കെ.വി. റാബിയ എന്ന പേര് ചരിത്രത്തിൽ തങ്കലിപികളിൽ ആണ് രേഖപ്പെടുത്തപ്പെടുന്നത് .