കോവിഡ് 19 വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് 'സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ടിയുള്ള അന്താരാഷ്ട്ര പ്രവർത്തക ദിനം' (മെയ് 28) കടന്നു പോയത്. സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നത് മറ്റേത് കാലത്തെയും അപേക്ഷിച്ച് ഇന്ന് കൂടുതൽ പ്രസക്തമായി മാറിയിട്ടുണ്ട്. 1987-ലാണ് ഈ ദിനാചരണം ആരംഭിച്ചത്. ജനങ്ങളെ ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
Also Read-ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
advertisement
മാരകമായ കൊറോണ വൈറസ് വ്യാപനം സ്ത്രീകളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ക്രമാതീതമായ നിലയിൽ ബാധിച്ചിരിക്കുകയാണ്. പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തമല്ലാത്തതും വാക്സിനുകൾ ഇതുവരെ ലഭ്യമാകാത്തതുമായ പ്രദേശങ്ങളിൽ ഇത് സൃഷ്ടിക്കുന്ന ആഘാതം വീണ്ടും വർദ്ധിക്കുകയാണ്. അതുകൂടാതെ, എത്രയോ കാലമായി സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗപരവും സാമൂഹ്യവുമായ അസമത്വം ഈ മഹാമാരിക്കാലത്ത് സമസ്ത മേഖലകളിലേക്കും വ്യാപിക്കുന്നു.
സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച ആവശ്യങ്ങളും അവരുടെ അവകാശങ്ങളും നിരന്തരം ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ സ്ത്രീകൾക്കിടയിൽ നിന്നും പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നും അവർക്കനുകൂലമായി അഭിപ്രായ രൂപീകരണം നടത്തുക എന്നത് വളരെ പ്രധാനമാണ്. ലൈംഗികപരവും പ്രത്യുത്പാദനപരവുമായ നീതി, അതിക്രമത്തിന് ഇരയാകുന്നതിൽ നിന്ന് സുരക്ഷ നേടാനുള്ള അവകാശം മുതലായവ സ്ത്രീകൾക്ക് നിഷേധിക്കുന്ന ഇടപെടലുകളെ ശക്തമായി നേരിടാനുള്ള ശ്രമങ്ങൾ പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതുണ്ട്.
Also Read-പാൽ കുടിച്ചാൽ ശരീരത്തിലെ കൊളസ്ട്രോൾ കൂടുമോ?
ലിംഗ സമത്വത്തിന്റെയും സ്ത്രീകളുടെ അവകാശങ്ങളുടെയും കാര്യത്തിൽ പരിമിതമായെങ്കിലും നമ്മൾ നേടിയ പുരോഗതിയെ പിന്നോട്ട് വലിക്കാൻ കോവിഡ് 19 കാരണമായേക്കാം എന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാരസ് 2020-ൽ അഭിപ്രായപ്പെട്ടത് നമ്മൾ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. മഹാമാരിയുടെ ആഘാതം 2021-ലും തുടരുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ പ്രസ്താവനയെ ഒരു മുന്നറിയിപ്പ് എന്നതിലുപരി ഒരു പ്രവചനമായി തന്നെ കാണേണ്ടിയിരിക്കുന്നു.
കോവിഡ് മഹാമാരി മൂലം ലൈംഗികാരോഗ്യവുമായും പ്രത്യുത്പാദനസംബന്ധിയായ ആരോഗ്യവുമായും ബന്ധപ്പെട്ട സേവനങ്ങളുടെയും മറ്റു വിഭവങ്ങളുടെയും വിതരണത്തിലും അതിന്റെ മുൻഗണനാ ക്രമം നിശ്ചയിക്കുന്നതിലും വന്നിട്ടുള്ള പുനഃക്രമീകരണങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തെ പ്രതിലോമകരമായി ബാധിച്ചേക്കാമെന്ന് ഐക്യരാഷ്ട്ര സംഘടന 2020-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടും സൂചിപ്പിക്കുന്നുണ്ട്.