കോളജ് വിദ്യാർഥിയായിരിക്കുമ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ ആനി ശിവ എന്ന പെൺകുട്ടിയുടെ ജീവിതം മാറിമറിയുന്നത്. കാഞ്ഞിരംകുളം കെ.എൻ.എം. ഗവ. കോളജിൽ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാർഥിയായിരിക്കുമ്പോൾ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സുഹൃത്തുമായി ജീവിതം ആരംഭിച്ചു. ഒരു കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോൾ ഈ കൂട്ട് നഷ്ടമായി. കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പ്രശ്നങ്ങൾ ഉടലെടുത്തു. തുടർന്ന് അമ്മൂമ്മയുടെ വീട്ടിലെ ഒരു ചായ്പ്പിലായി താമസം.
advertisement
ഈ കാലത്ത് പല ജോലികളും നോക്കിയിരുന്നു. കറിപൗഡറും സോപ്പും കൊണ്ടു നടന്നു വിൽക്കൽ, ഇൻഷുറൻസ് ഏജന്‍റ്. വിദ്യാര്‍ഥികൾക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കി കൊടുക്കൽ, ഉത്സവ വേദികളിൽ ചെറിയ കച്ചവടം തുടങ്ങി പല ജോലികളും ചെയ്തു. ഇതിനിടയിൽ കോളജും മുടക്കിയിരുന്നില്ല. കഷ്ടപ്പാടുകൾക്കിടയിലും പഠിച്ച് സോഷ്യോളജിയിൽ ബിരുദം നേടി.
പിന്നീടാണ് ഒരു സര്‍ക്കാര്‍ ജോലി വേണം എന്ന സ്വപ്നം മനസ്സില്‍ കടന്ന് കൂടിയത്. IPS ആകണം എന്നതായിരുന്നു ആഗ്രഹം പക്ഷെ സാഹചര്യം അനുകൂലമായിരുന്നില്ല. തുടർന്ന് എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിലേക്ക്. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ൽ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ൽ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന് വർക്കലയിൽ എസ്.ഐ.യായി ആദ്യനിയമനം.
‘‘എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു’’. സ്വന്തം ജീവിതത്തെക്കുറിച്ച് ആനി ശിവ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.